മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ അക്രമങ്ങളില്‍ വിക്കി കൗശലിന്റെ ‘ഛാവ’ സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കലാപവും സംഘര്‍ഷങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം മഹാരാഷ്ട്ര നിയമസഭയില്‍ പറഞ്ഞു.
പ്രത്യേക വിഭാഗത്തിന്റെ വീടുകളും സ്ഥാപനങ്ങളുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഇതിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശല്‍ നായകനായ, ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചത്. ജനക്കൂട്ടം അക്രമത്തില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഹിന്ദുത്വ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിലും അക്രമത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്ത് ആന്റി റയട്ട് കമാന്‍ഡോസ്, രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ച അധികൃതര്‍ നാഗ്പൂരിലെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താന്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
ബി.എന്‍.എസ് സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി നാഗ്പുര്‍ പൊലീസ് കമീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ അറിയിച്ചു. കോട്വാലി, ഗണേഷ്‌പേട്ട്, തെഹ്‌സില്‍, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗര്‍, സക്കര്‍ദാര, നന്ദന്‍വന്‍, ഇമാംവദ, യശോധരനഗര്‍, കപില്‍നഗര്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. മറ്റൊരറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. 17-ാം നൂറ്റാണ്ടിലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്റെ പേര്.
സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
അക്രമ സംഭവത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും 300 വര്‍ഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തില്‍ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.