യു.പിയിലെ ബിജ്‌നൂരില്‍ ഹോളി ആഘോഷത്തിന്റെ മറവില്‍ മുസ്‌ലിം കുടുംബത്തിന് നേരെ അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ വനിത മാധ്യമപ്രവര്‍ത്തകയായ സദഫ് അഫ്രീനാണ് എക്‌സിലൂടെ പുറത്തുവിട്ടത്.
ബിജ്‌നൂരിലെ ദാംപൂരിലാണ് സംഭവം. ബൈക്കില്‍ വന്ന യുവാവും 2 സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ ഹോളി ആഘോഷിക്കുന്ന ഒരു സംഘം യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പൈപ്പും ബക്കറ്റും ഉപയോഗിച്ച് മൂന്നു പേരുടെയും ദേഹത്ത് വെള്ളം ഒഴിച്ചു. ഇതിന് പിന്നാലെ യുവാവിന്റെയും സ്ത്രീയുടെയും മുഖത്ത് ബലമായി ഹോളി ചായം തേക്കുകയായിരുന്നു.
ചായം തേച്ചവരും ബൈക്കില്‍ വന്നവരുമായി തര്‍ക്കിക്കുകയും ചെയ്യുന്നുണ്ട്. അക്രമികളില്‍ ഒരാള്‍ കൈയില്‍ മുളവടിയും കരുതിയിരുന്നു. ഏറെ നേരത്തിന് ശേഷം നനഞ്ഞു കുതിര്‍ന്ന ബൈക്ക് യാത്രികരെ ജയ് ശ്രീറാം വിളിച്ച് വിട്ടയക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സ്ത്രീകളെ തടയുന്നതും മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും ബലമായി ചായങ്ങള്‍ തേക്കുന്നതും കുറ്റമല്ലേ എന്ന് മാധ്യമപ്രവര്‍ത്തക എക്‌സിലൂടെ ചോദിക്കുന്നു. റമദാന്‍ വ്രതം തുടരുകയാണ്. ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നു. ആഘോഷത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ കോലാഹലം ഉണ്ടാക്കുമോ എന്നും സദഫ് അഫ്രീന്‍ ആശങ്ക പങ്കുവെക്കുന്നു.