ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അപലപനീയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ഓരോ രാജ്യത്തെയും പിന്നോക്ക ജനവിഭാഗത്തോടും ന്യൂനപക്ഷങ്ങളോടും ഭരണകൂടം എങ്ങനെ പെരുമാറുന്നു എന്നതാണ് ആ രാജ്യം ശരിയായ ദിശയിലാണോ സഞ്ചരിക്കുന്നത് എന്നതിന്റെ അളവുകോൽ. ആ നിലയിൽ ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ നിലപാടിൽ ഏറെ ആശങ്കയുണ്ട്.
അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ഭരണകൂടം തയ്യാറാകണം. ബംഗ്ലാദേശിലെ സംഘർഷത്തിന്റെ പേരിൽ ഇന്ത്യയിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർ അതിൽനിന്ന് പിന്മാറണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.