ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജഹാംഗിര്‍പുരിയില്‍ ബുള്‍ഡോസര്‍ രാജുമായി മുന്നോട്ടു പോയ ഉദ്യോഗസ്ഥരെ ജയിലില്‍ അടക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ. നീതിപീഠത്തിലുള്ള സാധാരണക്കാരന്റെ വിശ്വാസം നിലനിര്‍ത്തുന്നതിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ദ വയറുമായുള്ള 43 മിനുട്ട് അഭിമുഖത്തിലാണ് മദ്രാസ്, ഡല്‍ഹി ഹൈക്കോടതികളുടെ മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഷാ നിലപാട് വ്യക്തമാക്കിയത്.
സുപ്രീംകോടതിയുടെ സ്‌റ്റേ ഉത്തരവ് വന്ന ശേഷവും പൊളിക്കല്‍ തുടര്‍ന്നത് ഗുരുതര വീഴ്ചയാണെന്ന് ജസ്റ്റിസ് ഷാ പറഞ്ഞു. കോടതിയലക്ഷ്യ നടപടിയാണിത്. സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളില്‍ നീതിയാണ് സുപ്രീംകോടതി ആഗ്രഹിക്കുന്നതെങ്കില്‍ കുറ്റവാളികളായ ഉദ്യോഗസ്ഥരെ ജയിലില്‍ അയക്കണം. അവര്‍ക്കുമേല്‍ പിഴയും ചുമത്തണം. കോടതി ഉത്തരവ് വന്നതിനുശേഷവും പൊളിച്ചുനീക്കിയ കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. മാത്രമല്ല, വീഴ്ചക്ക് ഉന്നത തലത്തില്‍ നിന്ന് ക്ഷമാപണവും ഉണ്ടാകണം. ഡല്‍ഹി പൊലീസിനെ നയിക്കുന്ന ആള്‍ എന്ന നിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രാജ്യത്തോട് മാപ്പു പറയണം- ജസ്റ്റിസ് ഷാ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ കാര്‍ഗോണിലും ഉത്തര ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലും അരങ്ങേറിയ ബുള്‍ഡോസര്‍ രാജുകള്‍ രാജ്യത്ത് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടികളാണെന്ന് ജസ്റ്റിസ് ഷാ പറഞ്ഞു.
മുസ്്‌ലിംകള്‍ക്കെതിരായ കൃത്യമായ കാമ്പയിനാണിത്. സമൂഹത്തില്‍ പ്രശ്‌നങ്ങളും വിഭാഗീയതയും സൃഷ്ടിക്കലാണ് അതിന്റെ ലക്ഷ്യം. കല്ലേറിലോ കലാപത്തിലോ പങ്കെടുത്തതിന് വീട് ഇടിച്ചു നിരത്താന്‍ ഏത് നിയമത്തിന്റെ പിന്‍ബലമാണുള്ളത്.
സംഘടിതമായ കുറ്റകൃത്യങ്ങള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ ശിക്ഷ നടപ്പാക്കുക. ഇങ്ങനെ പോയാല്‍ നിയമത്തിനും നീതിന്യായ സംവിധാനത്തിനും എന്ത് പ്രസക്തിയാണുള്ളത്. അനധികൃത കുടിയേറ്റങ്ങള്‍ പൊളിച്ചു നീക്കാനാണെങ്കില്‍ പോലും ഇരകള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കുകയും അവര്‍ക്ക് അപ്പീല്‍ നല്‍കാനും സാവകാശം അനുവദിക്കണം. അല്ലാത്തപക്ഷം അതും അനീതി തന്നെയാണ് – ജസ്റ്റിസ് ഷാ കൂട്ടിച്ചേര്‍ത്തു.