പെര്‍മിറ്റ് ലംഘിച്ചതിന് റോബിന്‍ ബസിനെ തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ലംഘനം എന്താണെന്ന് ആര്‍ടിഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ പ്രതികരിച്ചു.
മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിന്‍ ബസിന് ഇന്നും കേരള മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരുന്നു. പെര്‍മിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയില്‍ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
റോബിന്‍ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയശേഷം 4 തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തില്‍ 37,000 രൂപയും തമിഴ്നാട്ടില്‍ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാല്‍ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.