X
    Categories: Culture

വിനോദ് റായ് ബി.സി.സി.ഐ തലവന്‍

ന്യൂഡല്‍ഹി: ബി.സി.സി.ഐക്ക് സുപ്രീംകോടതി ഇടക്കാല ഭരണസമിതിയെ പ്രഖ്യാപിച്ചു. 2ജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന മുന്‍ കംപ്ര്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ് ആണ് നാലംഗ ഭരണ സമിതിയുടെ തലവന്‍. ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹ, മുന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡയാനാ ഇദുല്‍ജി, ഐ.ഡി.എഫ്.സി മാനേജിങ് ഡയരക്ടര്‍ വിക്രം ലിമായെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

കായിക മന്ത്രാലയം സെക്രട്ടറിയെ സമിതിയില്‍ അംഗമാക്കണമെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ ആവശ്യം കോടതി തള്ളി. മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബി.സി.സി.ഐ ഭരണസമിതിയില്‍ വേണ്ടെന്ന മുന്‍നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളിയത്. ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ബി.സി.സി.ഐ മുന്നോട്ടു വെച്ചെങ്കിലും ഇതും കോടതി നിരസിച്ചു.

ബി.സി.സി.ഐയെ പ്രതിനിധീകരിച്ച് ഐ.സി.സി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വിക്രം ലിമായെ, ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരെ കോടതി ചുമതലപ്പെടുത്തി. അയോഗ്യരാക്കിയിട്ടില്ലാത്ത ബി.സി.സി.ഐ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇതില്‍നിന്നാണ് അമിതാഭ് ചൗധരിയുടെ പേര് തെരഞ്ഞെടുത്തത്.

ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ 16 ശിപാര്‍ശകള്‍ നടപ്പാക്കലായിരിക്കും ഇടക്കാല ഭരണസമിതിയുടെ പ്രധാന ചുമതല. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ ലോധ കമ്മിറ്റി ശിപാര്‍ശകള്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയോട് കോടതി ആവശ്യപ്പെട്ടു. ഇടക്കാല ഭരണസമിതിയിലേക്ക് പേരുകള്‍ നിര്‍ദേശിക്കുന്നതിന് അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യം അനില്‍ ധവാന്‍, മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എന്നിവരെ നേരത്തെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു.

ഇവര്‍ സമര്‍പ്പിച്ച 11 പേരുകളില്‍നിന്നാണ് നാലുപേരെ തെരഞ്ഞെടുത്തത്. ക്രിക്കറ്റ് ഭരണ രംഗത്ത് മുന്‍പരിചയമില്ലാത്തവരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വനിതാ ക്രിക്കറ്റ് ടീം നായികയാണെങ്കിലും ക്രിക്കറ്റ് ഭരണസമിതികളില്‍ ഡയനാ ഇദുല്‍ജി ഇതുവരെ ചുമതലകള്‍ ഒന്നും വഹിച്ചിട്ടില്ല. സമിതി തലവന്‍ വിനോദ് റായിയും ക്രിക്കറ്റ് ഭരണരംഗത്ത് പുതുമുഖമാണ്.

ക്രിക്കറ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ സ്ഥിരം കോളങ്ങളെഴുതുന്നയാളാണ് രാമചന്ദ്ര ഗുഹ. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി മാത്രമാണ് ക്രിക്കറ്റ് ഭരണ രംഗത്ത് മുന്‍പരിചയമുള്ളയാള്‍. ഫെബ്രുവരി രണ്ടിന് ചേരുന്ന ഐ.സി.സി യോഗത്തില്‍ ലിമായയും ചൗധരിയുമായിരിക്കും ബി.സി.സി.ഐ പ്രതിനിധീകരിക്കുക. 2017 ജനുവരി രണ്ടിനാണ് അനുരാഗ് താക്കൂര്‍, അജയ് ഷിര്‍ക്കെ എന്നിവരെ യഥാക്രമം ബി.സി.സി.ഐ പ്രസിഡണ്ട്, സെക്രട്ടറി പദവികളില്‍നിന്ന് സുപ്രീംകോടതി പുറത്താക്കിയത്.

chandrika: