മുംബൈ: ബോളിവുഡ് നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുദാസ്പുരിയില്‍ നിന്നുള്ള ബി.ജെ.പി എം. പി കൂടിയാണ് വിനോദ് ഖന്ന.
1968 മുതല്‍ 2013 വരെ ചലചിത്ര ലോകത്ത് സജീവമായിരുന്നു. 141 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ദില്‍വാലെയാണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം. 1968ല്‍ മന്‍ ക മീത് എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. മേരേ ഗാവോ മേര ദേഷ്, ഗദ്ദാര്‍, അമര്‍ അക്ബര്‍ ആന്റണി, ജെയില്‍ യാത്ര, ഇമിത്തിഹാന്‍, ഇന്‍കാര്‍, കുച്ചെ ദാഗെ, രജ്പുത്, കുര്‍ബാനി, കുദ്രത്, ദയാവന്‍, കാര്‍നാമ, സൂര്യ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 1982ല്‍ പ്രശസ്തിയില്‍ നില്‍ക്കവെ കുറച്ചുകാലം സിനിമയില്‍ നിന്നു വിട്ടുനിന്നു. ഇക്കാലം ആത്മീയ ആചാര്യന്‍ ഓഷോ രജനീഷിന്റെ അനുയായിയായി മാറി. അഞ്ച് വര്‍ഷത്തിനു ശേഷം ഇന്‍സാഫ്, സത്യമേവ ജയതേ എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി.