X
    Categories: MoreViews

വിനോദവും നയതന്ത്രവും ഇഴചേര്‍ത്ത വിനോദ് ഖന്ന

മുംബൈ: അഭ്രപാളിയിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ തിളങ്ങി നിന്ന ജനപ്രിയ താരമായിരുന്നു വിടവാങ്ങിയ വിനോദ് ഖന്ന. സിനിമയെയും പൊതുപ്രവര്‍ത്തനത്തെയും ഒരു നൂലില്‍ കോര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൈവച്ച മേഖലകളെയെല്ലാം വിജയപഥത്തിലെത്തിക്കാനും വിനോദ് ഖന്നക്കായി. അഭിനയ ജീവിതത്തില്‍ തുടങ്ങി പൊതുപ്രവര്‍ത്തനകനില്‍ എത്തി നില്‍ക്കുന്നു അദ്ദേഹത്തിന്റെ ജീവിതം. അതിനിടിയില്‍ ആത്മീയത, എഴുത്ത് എന്നീ മേഖലകളിലും അദ്ദേഹം വ്യാപരിച്ചു.
1946 ഒക്ടോബര്‍ ആറിന് ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യയായിരുന്ന പെഷവാറില്‍ വ്യവസായിയായ കിഷന്‍ ചന്ദ് ഖന്നയുടെയും കാമ് ലയുടെയും മകനായാണ് വിനോദ് ഖന്നയുടെ ജനനം. വില്ലനില്‍ തുടങ്ങി നായകനില്‍ എത്തി നില്‍ക്കുന്നതാണ് ഖന്നയുടെ സിനിമാ ജീവീതം.
1967ല് മന്‍ കാ മീത് എന്ന ചിത്രത്തില്‍ വില്ലനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് കുറച്ചധികം വില്ലന്‍ വേഷങ്ങള്‍. ഖന്നയുടെ അഭിനയ തികവു കണ്ടെത്തിയത് 1971ല്‍ പുറത്തിറങ്ങിയ ഹം തും ഓര്‍ വോ ആയിരുന്നു. നായക കഥാപാത്രത്തെയാണ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഹാത് കി സഫായി, ഹേരാ ഫേരി, മുകന്തര്‍ കാ സികന്തര്‍, കുര്‍ബാനി തുടങ്ങി മികച്ച ചിത്രങ്ങള്‍. 1970കളിലും 80കളിലും നിറഞ്ഞു നിന്ന വിനോദ് ഖന്ന 141 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊലീസ് വേഷങ്ങളിലും തിളങ്ങി. മേരെ അപ്‌നെ എന്ന സിനിമ അദ്ദേഹത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നാണ്. 1978ല്‍ ഇറങ്ങിയ മുഖാദര്‍ കാ സിക്കന്ദര്‍ എന്ന സിനിമയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയി ചിത്രം മാറി. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രവും ഹിറ്റായിരുന്നു. അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ എന്നിവരാണ് മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയില്‍ തിളങ്ങി നിന്ന വേളയില്‍ സ്വയം വിരമിച്ചു ആത്മീയ ആചാര്യന്‍ ഓഷോ രജനീഷിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് വീണ്ടും സിനിമയില്‍. 1997ല്‍ ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലെത്തി. 1998ല്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചു പാര്‍ലമെന്റിലെത്തി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചു. 2002ല്‍ കേന്ദ്രമന്ത്രിസഭയില്‍ സാംസ്‌കാരിക-ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു. ആറ് മാസങ്ങള്‍ക്കു ശേഷം 2003 ജനുവരിയില്‍ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍, 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നു പരാജയം ഏറ്റുവാങ്ങി.
വിദേശകാര്യ മന്ത്രിയായിരിക്കെ ഖന്ന നടത്തിയ ഇടപെടീലുകള്‍ അന്താരാഷ്ട്ര ശ്രദ്ധനേടി. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സിനിമാ മേഖലയിലെ വിള്ളല്‍ നികത്താന്‍ അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കെ കഴിഞ്ഞു. അന്നത്തെ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫ് മുന്നോട്ടുവെച്ച പരസ്പര പൂരകങ്ങളായ ബസ് നയതന്ത്രത്തിന് ഇന്ത്യയുടെ ഭാഗത്തു നിന്നും ചുക്കാന്‍ പിടിച്ചത് വിനോദ് ഖന്നയായിരുന്നു. അക്കാലത്ത് ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തിന്‍ വിദേശകാര്യ മന്ത്രി നാബില്‍ ഷാ കൊണ്ടുവന്ന തീവ്രവാദത്തിനെതിരെയുള്ള സഹകരണത്തിന് ഖന്ന പിന്തുണച്ചതും ശ്രദ്ധ നേടി.

chandrika: