മാഡ്രിഡ്: വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് വിടില്ല. വംശീയ വിവാദത്തിന്റെ പേരില്‍ താരം ലാലീഗ വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി ഇത് നിഷേധിച്ചു. വിനീഷ്യസ് റയലില്‍ തന്നെയുണ്ടാവും. വംശീയ വിവാദത്തില്‍ ലാലീഗ അധികാരികള്‍ സ്വീകരിച്ച നടപടി സംതൃപ്തികരമാണ്. വലന്‍സിയക്കെതിരെ വലിയ പിഴ ചുമത്തി. അഞ്ച് മല്‍സരങ്ങളില്‍ സ്‌റ്റേഡയത്തില്‍ പകുതി വിലക്കും വന്നു. ഇത്തരത്തില്‍ കര്‍ക്കശ നടപടികള്‍ വന്നാല്‍ മാത്രമായിരിക്കും വംശീയതയെ അകറ്റാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വംശീയതാ പോരാട്ടത്തില്‍ താല്‍കാലിക വിജയം വിനീഷ്യസ് ജൂനിയറിന്. വലന്‍സിയക്കെതിരായ പോരാട്ടത്തിനിടെ വേട്ടയാടപ്പെട്ട താരത്തോട് ലാലീഗ പ്രസിഡണ്ട് മാപ്പ് പറഞ്ഞു, വലന്‍സിയക്കാര്‍ മാപ്പ് പറഞ്ഞു, എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, വലന്‍സിയക്ക് വലിയ പിഴ ചുമത്തി. അവരുടെ അടുത്ത അഞ്ച് മല്‍സരങ്ങളില്‍ കാണികളുടെ കാര്യത്തിലും വിലക്ക് ഏര്‍പ്പെടുത്തി. സ്‌റ്റേഡിയത്തില്‍ പകുതി കാണികളെ മാത്രമാണ് ഈ അഞ്ച് മല്‍സരങ്ങളില്‍ അനുവദിക്കുക. കഴിഞ്ഞ ഞായാറാഴ്ച്ചയിലെ വിവാദ മല്‍സരത്തിന് ശേഷം വിനീഷ്യസ് ക്ഷുഭിതനായി പ്രതികരിച്ചപ്പോള്‍ ലാലീഗ പ്രസിഡണ്ട് ജാവിയര്‍ ടബസിന്റെ പ്രതികരണം മോശമായിരുന്നു. മുമ്പ് ലാലീഗ അറിയപ്പെട്ടത് റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ, കൃസ്റ്റിയാനോ റൊണാള്‍ഡോ, ലിയോ മെസി തുടങ്ങി വിഖ്യാതരായ താരങ്ങളുടെ പേരിലായിരുന്നെങ്കില്‍ ഇപ്പോള്‍ ലീഗ് അറിയപ്പെടുന്നത് വംശീയാധിക്ഷേപത്തിന്റെ പേരിലാണെന്നായിരുന്നു വിനീഷ്യസ് കുറ്റപ്പെടുത്തിയത്.
ഇതിനെതിരെയായിരുന്നു ലാലീഗ പ്രസിഡണ്ടിന്റെ ആദ്യ പരാമര്‍ശം. താങ്കള്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഒന്നിലധികം തവണ വംശീയാധിക്ഷേപ വിവാദത്തില്‍ വിശദീകരണം തേടിയപ്പോള്‍ വിനീഷ്യസ് നേരിട്ട് ഹാജരായിരുന്നില്ല എന്ന് പറഞ്ഞായിരുന്നു ടബസിന്റെ കുറ്റപ്പെടുത്തല്‍. ഇത് വന്‍ വിവാദമായി. വേട്ടയാടപ്പെട്ട താരത്തിനൊപ്പം നില്‍ക്കുന്നതിന് പകരം ലാലീഗ പ്രസിഡണ്ട് വേട്ടക്കാര്‍ക്കൊപ്പമാണ് സംസാരിച്ചതെന്നായിരുന്നു സാമുഹ്യ മാധ്യമ കുറ്റപ്പെടുത്തല്‍. ഇതിനെ തുടര്‍ന്നാണ് താന്‍ വീനിഷ്യസിനൊപ്പമാണെന്നും തന്റെ പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കളി നടക്കുന്ന സ്‌റ്റേഡിയത്തനെതിരെ കര്‍ക്കശ നടപടികള്‍ വരുമെന്നും ടബസ് വ്യക്തമാക്കി. ലാലീഗയില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്ലെല്ലാം വംശീയതക്കെതിരായ മുദ്രവാക്യങ്ങള്‍ ഉയര്‍ന്നു. ബാര്‍സിലോണയുടെ റാഫിഞ്ഞ തന്റെ ബ്രസീല്‍ മിത്രമായ വിനീഷ്യസിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു.