മെഡല്‍ നേടിയിരുന്നെങ്കില്‍ വിനേഷ് ഫോഗട്ടിനെ ആദരിക്കേണ്ടി വന്നേനെ, അത് ചിലര്‍ക്ക് ഇഷ്ടമാകില്ല; ഗൂഢാലോചന നടന്നെന്ന് കോണ്‍ഗ്രസ് എം.പി

ബി.ജെ.പി മുൻ എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിൻ്റെ പേരിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡൽ നഷ്ടമായതെന്ന് കോൺഗ്രസ് എം.പി ബൽവന്ത് വാങ്കഡെ. പാരിസ് ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് നടപടി. ഇതോടെ ഫോഗട്ടിന് ഒരു മെഡലിനും അര്‍ഹതയുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

“ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമായ വാർത്തയാണ്. ഇതിന് പിന്നിൽ ചില ഗൂഢാലോചനയുണ്ട്. അവൾ ജന്തർ മന്തറിൽ സമരം നടത്തിയെന്ന് രാജ്യത്തിന് മുഴുവൻ അറിയാം. അവൾക്ക് നീതി ലഭിച്ചില്ല, ഇപ്പോൾ വിജയിച്ചാൽ അവർക്ക് അവളെ ബഹുമാനിക്കേണ്ടിവരുമായിരുന്നു. അതിഷ്ടപ്പെട്ടു കാണില്ല” ബല്‍വന്തിന്‍റെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാര പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയത്. അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ നിര്‍ജ്ജലീകരണം മൂലം ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഇന്നു രാത്രി നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.

അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ ഇന്ത്യക്ക് എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ മേധാവി പി.ടി.ഉഷയുമായി സംസാരിച്ചു. “വിനേഷ്, നിങ്ങൾ ചാമ്പ്യന്മാരിൽ ഒരു ചാമ്പ്യനാണ്! നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. നിങ്ങൾ പ്രതിരോധത്തിന്‍റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ നേരിട്ടു സ്വീകരിക്കുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്” പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

webdesk13:
whatsapp
line