X

മാജിക് വിനീത് വിനീതിന്റെ അവസാന മിനുട്ട് ഗോളില്‍ സമനില

 

ചെന്നൈ:ലോംഗ് വിസിലിന് അര മിനുട്ട് മാത്രം ബാക്കി. മറീന അറീനയിലെ ആയിരത്തോളം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വാച്ചിലേക്ക് നോക്കി… രക്ഷയില്ല…. അതാ അപ്പോള്‍ പന്തുമായി വലത് വിംഗിലൂടെ മിന്നില്‍ പിണരായി മുന്നേറുന്നു ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍… ഓട്ടത്തിനിടെ പെനാല്‍ട്ടി ബോക്‌സിന് സമാന്തരമായി അത്യുഗ്രന്‍ ക്രോസ്. പന്തിനെ പ്രതീക്ഷിച്ച് അതിവേഗതയില്‍ മുന്നോട്ട് കയറുന്ന സി.കെ വിനീത്. പിന്നെ കണ്ടത് മാജിക്….. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സ്വപ്‌ന സുന്ദരമായ ഗോളുമായി കുത്തുപറമ്പുകാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാനം കാത്തു. മല്‍സരത്തിന്‍രെ അവസാനത്തില്‍ റഫറി അനുവദിച്ച ഇല്ലാ പെനാല്‍ട്ടിയില്‍ ചെന്നൈ മുന്നില്‍ കയറിയിരുന്നു. പക്ഷേ അര്‍ഹമായ സമനിലയുമായി വീനിതും ബ്ലാസ്റ്റേഴസും കരുത്ത് കാട്ടി. 89 ാം മിനിറ്റില്‍ ജിങ്കന്റെ ദേഹത്ത് തട്ടിയ പന്തില്‍ റഫറി അനുവദിച്ച പെനാല്‍ട്ടി, ഗോളാക്കി റെനെ മിഹെലിച്ച് ചെന്നൈയിനെ മുന്നിലെത്തിച്ചു. എന്നാല്‍ അവിശ്വസനീയമായി 94 ാം മീനിറ്റില്‍ വിനീത് നേടിയ ഗോളില്‍ കേരള ബ്ലാസറ്റേഴ്‌സ് സമനില സ്വന്തമാക്കി. ഇതോടെ കേരള ബ്ലാസറ്റേഴ്്‌സ് എഴ് പോയിന്റുമായി എഴാം സ്ഥാനത്തെത്തി. 13 പോയിന്റുമായി ചെന്നൈയിന്‍ എഫ്.സി ഒന്നാം സ്ഥാനത്തേക്കും മുന്നേറി. ചെന്നൈയിന്റെ ഗോള്‍ കീപ്പര്‍ കരണ്‍ജിത് സിംഗ് മാന്‍ ഓഫ് ദി മാച്ചായി. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി നാല് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനാല്‍ ചെന്നൈയിന്‍ എഫ്.സിയുടെ മിഡ്ഫീല്‍ഡര്‍ ധന്‍പാല്‍ ഗണേഷിനു കളിക്കാന്‍ കഴിഞ്ഞില്ല. പകരം അനിരുദ്ധ് താപ്പ കളിക്കാനിറങ്ങി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ചെന്നൈയിന്റെ മുന്നേറ്റനിരയിലെ നൈജീരിയന്‍ താരം ജൂഡ് നെറ്റ് കുലുക്കി. പക്ഷേ ലൈന്‍സ്മാന്‍ ഓഫ് സൈഡ് വിളിച്ചതിനാല്‍ ബ്ലാസറ്റേഴ്‌സ് രക്ഷപ്പെട്ടു. 10 ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ നീക്കം. പെക്കൂസന്‍ജാക്കി ചന്ദ്‌സിംഗ് എന്നിവരിലൂടെ വന്ന പാസ് വിനീതിനു നിയന്ത്രിക്കാന്‍ കഴിയാതെ ടച്ച് ലൈന്‍ കടന്നതോടെ ആ നീക്കം പാതി വഴിയില്‍ അവസാനിച്ചു. ആദ്യ 15 മിനിറ്റ് കഴിയുമ്പോള്‍ ചെന്നൈയിന്‍ 70 ശതമാനം മുന്‍തൂക്കം നേടി.
23 ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനു ആദ്യപകുതിയില്‍ കിട്ടിയ ഏക സുവര്‍ണാവസരം. ചെന്നൈയിനു അനുകൂലമായി ലഭിച്ച രണ്ടാം കോര്‍ണറിനെ തുടര്‍ന്നു വന്ന കൗണ്ടര്‍ ആക്രമണത്തില്‍ വിനീത് ചെന്നൈയിന്‍ ഗോള്‍ മുഖത്തേക്കു കുതിച്ചു. വിനീതിന്റെ അളന്നു കുറിച്ച പാസ് കറേജ് പെക്കൂസനിലേക്കും തുടര്‍ന്നു ജാക്കി ചന്ദ് സിംഗിലേക്കും എത്തി. പക്ഷേ, ഗോള്‍കീപ്പര്‍ കരണ്‍ജിത് മാത്രം മുന്നില്‍ നില്‍ക്കെ ബോക്‌സില്‍ എത്തിയ ജാക്കി ചന്ദ്‌സിംഗ് പന്ത് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു തുലച്ചു. 40 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ റൈറ്റ് വിംഗ് ബാക്ക് റിനോ ആന്റോയ്ക്ക് പരുക്കിനെ തുടര്‍ന്നു പിന്മാറേണ്ടി വന്നു. പകരം സാമുവല്‍ ഷഡാപ് കളിക്കാനിറങ്ങി.ആദ്യപകുതിയില്‍ ചെന്നൈയിന്‍ 60 ശതമാനം മുന്‍തൂക്കം നേടുകയും നാല് കോര്‍ണറുകള്‍ സ്വന്തമാക്കുകയും ചെയ്തു. വെസ് ബ്രൗണിന്റെ ഉറച്ച പ്രതിരോധമാണ് ബ്ലാസറ്റേഴ്‌സിനെ പലതവണയും തുണച്ചത്. രണ്ടാം പകുതിയില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു റാഫേല്‍ അഗസ്‌തോയ്ക്ക് ആദ്യ മഞ്ഞക്കാര്‍ഡ് . 55 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിനു രണ്ടാം പകുതിയിലെ ആദ്യ അവസരം . വിനീത് ഡ്രിബിള്‍ ചെയ്തു ലാല്‍റുവാതരയിലേക്കു വന്ന പന്ത് ഗോള്‍മുഖം ല്ക്ഷ്യമാക്കി. മെയില്‍സണ്‍ ആല്‍വസിന്റെ കാലില്‍ തട്ടി അപകടം സൃഷ്ടിച്ചെങ്കിലും ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. രണ്ടാം പകുതി മധ്യഘട്ടത്തിലേക്കു നീങ്ങിയതോടെ ചെ്‌ന്നൈയിന്‍ തുടരെ ആക്രമണം അഴിച്ചുവിട്ടു. അതോടെ ബ്ലാസ്‌റ്റേഴ്‌സ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെട്ടുകൊണ്ടിരുന്നു. 68 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ സിയാം ഹാങ്കലിനു മഞ്ഞക്കാര്‍ഡ്. അടുത്ത മിനറ്റില്‍ വിനീതിനു കിട്ടിയ അവസരം ലക്ഷ്യം തെറ്റി. 71 ാം മിനിറ്റില്‍ കറേജ് പെക്കുസന്റെ ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ ഗോളി കുത്തിയകറ്റി. കളി അവസാന മിനിറ്റിലേക്കു കടന്നതോടെ ചെന്നൈയിന്‍ രണ്ടുപേരെ ഒറ്റയടിക്കു മാറ്റി. ജൂഡിനു പകരം ഗ്രിഗറി നെല്‍സണെയും റാഫേല്‍ അഗസ്‌തോയ്ക്കു പകരം റെനെ മിഹെലിച്ചിനെയും ബ്ലാസറ്റേഴ്‌സ് ജാക്കി ചാന്ദിനു പകരം ലോക്കെന്‍ മീ്‌ത്തെയും ഇറങ്ങി. . 81 ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ ഗോളി പോള്‍ റച്ചുബ്ക്ക രക്ഷകനായി. പകരക്കാരനായി വന്ന ഗ്രിഗറി നെല്‍സന്റെ ബുള്ളറ്റ് ഷോട്ട് റച്ചുബ്ക നെഞ്ചില്‍ തടുത്തു. എന്നാല്‍ ബ്ലാസറ്റഴ്‌സിന്റെ കഠിനാധ്വാനം ഒരു നിമിഷം കൊണ്ടു തകര്‍ന്നു. ബ്ലാസറ്റേഴ്‌സിനെതിരെ 88 ാം മിനിറ്റില്‍ പെനാല്‍ട്ടി വിധിച്ചു. ജിങ്കന്റെ ദേഹത്തു തട്ടിയതിനായിരുന്നു റഫ്‌റി പ്രാഞ്ജല്‍ പെനാല്‍ട്ടി വിധിച്ചത്. ഇതോടെ റഫ്‌റിയുടെ മോശം തീരുമാനത്തിനു ബ്ലാസറ്റേഴ്‌സിനു ഇരയാകേണ്ടി വന്നു. കിക്കെടുത്ത റെനെ മിഹെലിച്ച് ഗോളാക്കി (10).
റഫറിയുടെ മോശം തീരുമാനത്തില്‍ പതറാതെ ചങ്കുറപ്പോടെ കളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിനു തുല്യമായ സമനില ഗോള്‍ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ സന്ദേശ് ജിങ്കന്റെ ബോക്‌സിനകത്തേക്കു നല്‍കിയ പാസ് കുതിച്ചെത്തിയ വിനീത് വെടിയുണ്ടപോലെ പന്ത് നെറ്റിലാക്കി (1-1). ചെന്നൈയിനു എട്ട് കോര്‍ണറുകള്‍ ലഭിച്ചുവെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിനു ഒരു കോര്‍ണര്‍പോലും നേടുവാനായില്ല. അടുത്ത മത്സരത്തില്‍ ഡിസംബര്‍ 28നു ചെന്നൈയിന്‍ എഫ്.സിക്ക്് ജാംഷെഡ്പുരിനെയും ഡിസംബര്‍ 31നു കൊച്ചിയില്‍ കേരള ബ്ലാസറ്റേഴ്‌സ് മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ ബെംഗഌരു എഫ്.സിയേയും നേരിടും.

chandrika: