സ്വന്തം ലേഖകന്‍
കൊച്ചി: അവാര്‍ഡുകള്‍ തന്റെ ലക്ഷ്യമല്ലെന്ന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടന്‍ വിനായകന്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ ദേശീയ അവാര്‍ഡ് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇങ്ങനെ പറഞ്ഞത്. സംസ്ഥാന അവാര്‍ഡ് കിട്ടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. കമ്മട്ടിപ്പാടം സിനിമ ഇറങ്ങിയപ്പോള്‍ തന്നെ തനിക്കു വേണ്ടി വലിയൊരു ജനക്കൂട്ടം രൂപപ്പെട്ടു. അതെങ്ങനെയുണ്ടായെന്ന് അറിയില്ല, തനിക്ക് അവാര്‍ഡ് നല്‍കണമെന്ന് ഒരു പ്രതിഷേധം പോലെയാണ് ജനം ആവശ്യപ്പെട്ടത്. അവാര്‍ഡ് എന്നതിലുപരി നിലവിലെ വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാവാം ഇതെന്നും വിനായകന്‍ പറഞ്ഞു.
അവാര്‍ഡ് കിട്ടിയപ്പോള്‍ പത്തു മിനുട്ട് മാത്രമായിരുന്നു സന്തോഷം. പിന്നീടത് മാറി. ഇപ്പോഴും അവാര്‍ഡ് വാര്‍ത്ത പൂര്‍ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ആള്‍ക്കാരുടെ ആരവം കാണുമ്പോള്‍ ഈ അവാര്‍ഡ് വലിയ കാര്യമാണെന്ന് തോന്നുന്നുണ്ട്. സന്തോഷം അറിഞ്ഞു വരുന്നതേയുള്ളു. അവാര്‍ഡ് പ്രതികരണം കൃത്രിമമാവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു, ഞാനെന്നും വിനായകനാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷവും സംസ്ഥാന അവാര്‍ഡിന് ശേഷവും സിനിമയില്‍ നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റം വരുന്നുണ്ട്. മാറ്റം വന്നേ പറ്റൂവിനായകന്‍ പറഞ്ഞു.
കമ്മട്ടിപ്പാടത്തിലെ ഗംഗയാവാന്‍ ചില ഒരുക്കങ്ങള്‍ നടത്തിയിരുന്നു. വയറു വെയ്ക്കാന്‍ തീറ്റയും മദ്യപാനവും കൂട്ടി. സിനിമ കഴിഞ്ഞു 40 ദിവസം കൊണ്ട് തിരിച്ച് 62 കിലോയിലെത്തി. ഇതിനായി രാത്രി ഓടാന്‍ തുടങ്ങി, രാവിലെ സൈക്ലിങ് ശീലമാക്കി. ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തു.
ബുദ്ധിമുട്ടായിരുന്നെങ്കിലും ആസ്വദിച്ചാണ് ഇതൊക്കെ ചെയ്തത്. സ്വന്തം ഇടത്തിന്റെ കഥയായതിനാല്‍ ഗംഗയാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇത്രയും കാലം മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ വരാത്തതെന്തേ എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ട്. നടനെന്ന നിലയില്‍ ആധികാരികമായി ജനത്തിന് മുന്നില്‍ നില്‍ക്കാനുള്ള അംഗീകാരം തനിക്ക് ലഭിച്ചിട്ടില്ലെന്ന സ്വയം തോന്നല്‍ കൊണ്ടായിരുന്നു അത്. അംഗീകാരത്തിന് ശേഷം മുഖ്യധാരയിലെത്താന്‍ തീരുമാനിച്ചു. 20 വര്‍ഷമായി അഭിനയ രംഗത്തുണ്ടെങ്കിലും അഞ്ചു വര്‍ഷം മുമ്പാണ് കാര്യമായ പടങ്ങള്‍ ചെയ്തു തുടങ്ങിയത്. വേഷപകര്‍ച്ചയെ കുറിച്ച് ആലോചിച്ചിട്ടില്ല, വില്ലന്‍ വേഷങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. എളുപ്പത്തില്‍ ചെയ്യാനും കഴിയുന്നു. അന്യഭാഷ ചിത്രങ്ങള്‍ ചിലതൊക്കെ ഒഴിവാക്കുകയാണ്. തെലുങ്കിലൊക്കെ ആറു ദിവസം വരെ കെട്ടിതൂങ്ങി അടികൊള്ളണംവിനായകന്‍ ചെറു ചിരിയോടെ പറഞ്ഞു.
കൊറിയോഗ്രഫിയിലും സംഗീതത്തിലും ഇനിയും സജീവമായുണ്ടാകും. കൂടുതല്‍ സിനിമകളില്‍ പാട്ട് ചെയ്യാനുള്ള അവസരം വന്നിട്ടുണ്ട്. സംഗീതം, സിനിമ, നൃത്തം ഇതാണെന്റെ ജീവിതം. ഇനി സെലക്ടീവാവുമോയെന്ന ചോദ്യത്തിന് സെലക്ടീവ് ആവാന്‍ മാത്രം പടമില്ലെന്നായിരുന്നു മറുപടി. സിനിമയിലെ ജാതി വേര്‍തിരിവുകളെ കുറിച്ചുള്ള ചോദ്യത്തിന് വേര്‍തിരിവുകള്‍ സിനിമയിലെന്നല്ല, ലോകത്തെല്ലായിടത്തുമുണ്ടെന്നും നിങ്ങള്‍ക്കിടയിലും ഇല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ എന്നുമായിരുന്നു മറുപടി. ലോകം പ്രണയത്തിലാണ് നിലനില്‍ക്കുന്നതെന്നും പ്രണയിക്കാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കെന്തധികാരമാണുള്ളതെന്നും ഒരു ചോദ്യത്തിന് മറുപടിയായി വിനായകന്‍ ചോദിച്ചു.
അതിനിടെ, വിനായകന്‍ വിവാഹിതനാണെന്നറിയാതെ വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ നിന്നുയര്‍ന്നപ്പോള്‍ സംസ്ഥാന പുരസ്‌കാര ജേതാവിന്റെ മറുപടി രസകരമായിരുന്നു: ‘ഇനിയും കെട്ടിയാല്‍ ഭാര്യ തല്ലും.’ അന്യഭാഷകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ കെട്ടിത്തൂങ്ങി അടിവാങ്ങണം എന്നുള്ളതു കൊണ്ടാണ് അവിടങ്ങളില്‍ നിന്നുള്ള ഓഫറുകള്‍ നിരസിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.