ചെമ്പേരി(കണ്ണൂര്‍): വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിമല്‍ജ്യോതി എഞ്ചിനീയറിങ് കോളജിലേക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മര്‍ദ്ദനം. മാനേജ്‌മെന്റ് ഏര്‍പ്പാടാക്കിയ ഗുണ്ടാ സംഘവും പൊലീസും ചേര്‍ന്നാണ് പ്രതിഷേധവുമായെത്തിയവരെ തല്ലിച്ചതച്ചത്.
ഒരുദിവസം അവധി ആയാല്‍ 600 രൂപ, ലാബില്‍ പ്രവേശിക്കുമ്പോള്‍ ഓവര്‍കോട്ട് മറന്നുപോയാല്‍ 300 രൂപ, ധ്യാനം കൂടാന്‍ വൈകിയാല്‍ 2000 രൂപ തുടങ്ങിയ നിസാര പിഴവുകള്‍ക്കു പോലും വന്‍തുകയാണ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് പിഴയെന്ന പേരില്‍ ഇടാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. താടിയും മുടിയും വസ്ത്രങ്ങളുടെ നീളവും വരെ അളന്ന് വന്‍തുക ഫൈന്‍ ഇനത്തില്‍ കോളജ് അധികൃതര്‍ ഈടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള കാടന്‍ നിയമങ്ങള്‍ക്കെതിരെയും വിദ്യാര്‍ത്ഥി പീഡനത്തിനെതിരെയുമാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചത്.
സമാധാനപരമായ മാര്‍ച്ചിന് ശേഷം നേതാക്കള്‍ പ്രിന്‍സിപ്പലിനോട് സംസാരിക്കാന്‍ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ നേരത്തെ സംഘടിച്ച് എത്തിയ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഗുണ്ടാ സംഘവും പൊലീസും അക്രമം അഴിച്ചുവിടുകയായിരുന്നു. ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് സി.കെ നജാഫ്, സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുപ്പം, നസീര്‍ പുറത്തീല്‍, സനീര്‍ ഇരിക്കൂര്‍, ഫവാസ് പുന്നാട്, നൗഫല്‍ പാനോള്‍, ഇജാസ് ആറളം, ഹക്കീം ചെമ്പിലോട്, അനീസ് ഇരിട്ടി എന്നിവര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധ മാര്‍ച്ച് എം.എസ്.എഫ് ജന.സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുപ്പത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് മണ്ഡലംതലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് കമ്മിറ്റി ആഹ്വാനം നല്‍കി.