X

2000 നോട്ട് ചില്ലറയാക്കാനാവുന്നില്ല: ബാങ്ക് ജീവനക്കാരെ നാട്ടുകാര്‍ ബന്ദികളാക്കി

ഹരിയാനയിലെ ജിന്ദില്‍ ബാങ്കിന് മുന്നില്‍ തടിച്ചുകൂടിയ ജനം

ഹരിയാനയിലെ ജിന്ദില്‍ ബാങ്കിന് മുന്നില്‍ തടിച്ചുകൂടിയ ജനം

ജിന്ദ്: മുന്തിയ നോട്ടുകളെ അസാധുവാക്കിയതിന് പിന്നാലെ വന്ന ശമ്പള-പെന്‍ഷന്‍ വിതരണം താറുമാറായതില്‍ വലയുകയാണ് ജനങ്ങളും അതോടൊപ്പം തന്നെ ബാങ്ക് ജീവനക്കാരും. അതേസമയം പണം വാങ്ങാനെത്തുന്നവര്‍ക്ക് പുതിയ രണ്ടായിരത്തിന്റെ നോട്ട് മാത്രം നല്‍കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പണത്തിനായി എത്തിയവര്‍ക്ക് പുതിയ 2000ത്തിന്റെ നോട്ട് മാത്രം നല്‍കിയതിനെ തുടര്‍ന്ന്
ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ധരൗണി ഗ്രാമവാസികള്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ജീവനക്കാരെയാണ് ഇന്നലെ ഗ്രാമവാസികള്‍ ബാങ്കിനുള്ളില്‍ തടഞ്ഞുവെച്ചത്. 2000 നോട്ടുകള്‍ കൊണ്ട് പൊറുതിമുട്ടിയാണ് നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ തടഞ്ഞുവെച്ചത്. 2000 രൂപ ചില്ലറയാക്കാന്‍ പാടുപെടുകയാണെന്നും ആരും വാങ്ങുന്നില്ലെന്നും ഗ്രാമവാസികള്‍ പരാതിപ്പെട്ടു.

നൂറോളം പേര്‍ ചേര്‍ന്നാണ് ബാങ്ക് ജീവനക്കാരെ ബന്ദികളാക്കിയത്. ജീവനക്കാരെ പുറത്തിറങ്ങാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. പൊലീസ് എത്തി ഏറെ പണിപെട്ടാണ് നാട്ടുകാരെ ശാന്തരാക്കി ബാങ്ക് ജീവനക്കാരെ മോചിപ്പിച്ചത്. പ്രക്ഷോഭം ഭയന്ന് ബാങ്ക് തുറന്നിട്ടില്ല. പ്രതിഷേധക്കാര്‍ ബാങ്കിനുമുന്നില്‍ തമ്പടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

chandrika: