X

സര്‍ക്കാര്‍ ദുരഭിമാനത്തില്‍ നിശ്ചലമായ ഗ്രാമകേന്ദ്രങ്ങള്‍

അധികാര വിവേകന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിന് 2014ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സേവാഗ്രാം ഗ്രാമ/വാര്‍ഡ് കേന്ദ്രങ്ങള്‍ക്കും അയല്‍സഭകള്‍ക്കും തുടര്‍ച്ച വേണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. അയല്‍സഭകളും വാര്‍ഡ് വികസന സമിതിയും ഗ്രാമകേന്ദ്രങ്ങളുമെല്ലാം സംവിധാനിക്കുന്നതിനുള്ള യു. ഡി. എഫ് കാലത്തെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ആറ് വര്‍ഷമായി ഇടതുസര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും നല്‍കാതെ മരവിപ്പിക്കാനാണ് ശ്രമിച്ചത്. പുതിയ ഭരണസമിതികള്‍ അധികാരമേറ്റശേഷവും ഇത് സംബന്ധിച്ച നിര്‍ദ്ദേശമോ പരിശീലനമോ സര്‍ക്കാറില്‍നിന്നുണ്ടായിട്ടില്ല. എന്നാല്‍ പല തദ്ദേശ സ്ഥാപനങ്ങളും സ്വന്തം നിലയില്‍ അയല്‍സഭകളും വാര്‍ഡ് വികസനസമിതികളും രൂപീകരിച്ച് ഈ പ്രവര്‍ത്തനവുമായി മുന്നോട്ട്‌പോകുന്ന സ്ഥിതിയാണുള്ളത്. കോവിഡ് കാലത്ത് ഏറ്റവും ശക്തമായ പ്രതിരോധം ഒരുക്കുന്നതിനുള്ള മികച്ച സാധ്യതയേയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. കോവിഡ് കാലത്ത് വാര്‍ റൂമും ക്ലസ്റ്ററുകളും രൂപീകരിക്കുന്നതിന് നിരന്തരം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വേണ്ടത്ര പ്രാവര്‍ത്തികമായിട്ടില്ല എന്ന വിലയിരുത്തലാണ് സര്‍ക്കാറിന് തന്നെയുള്ളത്. ഗ്രാമകേന്ദ്രങ്ങള്‍ക്കും അയല്‍സഭകള്‍ക്കും തുടര്‍ച്ച നല്‍കിയിരുന്നുവെങ്കില്‍ താഴേതട്ടില്‍ പ്രത്യേക ക്ലസ്റ്ററുകള്‍ രൂപീകരിക്കാതെതന്നെ ഈ പ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ സാധിക്കുമായിരുന്നു. 1994ല്‍ കേരള പഞ്ചായത്ത്‌രാജ് ആക്ട്, കേരള മുനിസിപ്പല്‍ ആക്ട് എന്നിവ കൊണ്ടുവന്ന് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ചരിത്രപരമായ ഇടപെടലിലൂടെയാണ് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശക്തമായ അടിത്തറയും അധികാരവും ഫണ്ടുകളും അവസരങ്ങളും കൈവന്നത്. പിന്നീട് 1995ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ തദ്ദേശ സ്ഥാപനങ്ങളുടെ ഘടകസ്ഥാപനങ്ങളാക്കിമാറ്റി അധികാര വ്യാപ്തി വര്‍ധിപ്പിച്ചു. ഈ ചരിത്ര നേട്ടങ്ങളെ ജനകീയാസൂത്രണമെന്ന ബാനര്‍കൊണ്ട് മറയിടാന്‍ ശ്രമിച്ച ഇടതുപക്ഷം, 1995ന്‌ശേഷം അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ നടന്ന ഏറ്റവും ശക്തമായ ഇടപെടലായ ഗ്രാമകേന്ദ്രങ്ങളുടെ നിറംകെടുത്താനുള്ള ശ്രമമാണ് നടത്തിയത്. ഇതിലൂടെ സാധാരണക്കാരന് നഷ്ടമായത് വേഗത്തിലും സങ്കീര്‍ണ്ണരഹിതമായും സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരവും ജോലി മുടക്കാതെ രാത്രി സമയത്തും സേവനം ലഭിക്കുന്നതിനുള്ള വേദിയുമാണ്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യ വളരെ കൂടുതലാണ്. സൂക്ഷ്മതല ഭരണത്തിന് ജനസംഖ്യ വര്‍ധനവ് തടസ്സമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് വാര്‍ഡ് തല ഓഫീസുകളും അയല്‍സഭകളും രൂപീകരിക്കുന്നതിന് യു.ഡി. എഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീറും പ്രത്യേക താല്‍പര്യവും ശ്രദ്ധയും പദ്ധതിക്ക് നല്‍കിയിരുന്നു. വാര്‍ഡിലെ ജനങ്ങള്‍ക്ക് വികസനക്ഷേമസേവന കാര്യങ്ങള്‍ക്ക് തദ്ദേശ സ്ഥാപന ഓഫീസിനെ ആശ്രയിക്കുന്നതിന്പകരം വാര്‍ഡ്തല ഓഫീസിനെ സമീപിക്കുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. ഗ്രാമസേവനം എന്ന മഹാത്മാഗാന്ധിയുടെ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് വാര്‍ധയില്‍ സ്ഥാപിച്ച ഗ്രാമ വികസന പഠന പരിശീലനസേവന കേന്ദ്രത്തിന് നല്‍കിയ സേവാഗ്രാം എന്ന പേരാണ് ഗ്രാമ/വാര്‍ഡ് കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചത്.

പൊതുസ്ഥാപനങ്ങള്‍ കണ്ടെത്തി വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള കേന്ദ്രങ്ങളാണ് അന്ന് ആരംഭിച്ചത്. ജോലിക്ക് പോകുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുത്താതെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് രാത്രി ഏഴു വരെയായി നിശ്ചയിക്കുന്നതിന് കാരണം. ഘട്ടംഘട്ടമായി പൂര്‍ണ്ണ സേവന കേന്ദ്രം എന്ന തലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. യു.ഡി. എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് ആരംഭിച്ച പദ്ധതിക്ക് തുടര്‍ച്ച നല്‍കുന്നതിന് പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ ശ്രമിച്ചില്ല. സേവനങ്ങളത്രയും ഓണ്‍ലൈന്‍ തലത്തിലേക്ക് മാറിയ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപന ഓഫീസിനെ ആശ്രയിക്കാതെതന്നെ വാര്‍ഡില്‍നിന്ന് ജനങ്ങള്‍ക്ക് സേവനം ലഭിക്കുമായിരുന്നു. 25.06.2014ലെ സ.ഉ.(എം.എസ്)നം.112/2014/തസ്വഭവ ഉത്തരവ് പ്രകാരം 2015 ജനുവരി 26നകം സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും സേവാഗ്രാം ആരംഭിക്കണമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ വാര്‍ഡ് ഒന്നിന് 50000 രൂപ വീതം നീക്കിവെക്കണമെന്നും മേല്‍ ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ അത്തരമൊരു നിര്‍ദ്ദേശം പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാറുകളുടെ കാലത്ത് ഒരു വര്‍ഷത്തില്‍ പോലും ഉണ്ടായില്ല. 2010ന്‌ശേഷം ജനസംഖ്യാനുപാതികമായി പഞ്ചായത്ത് വിഭജനമോ വാര്‍ഡ് വിഭജനമോ നടന്നിട്ടില്ല. ആയതിനാല്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണ്. ഗ്രാമ കേന്ദ്രങ്ങളുടെ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനാകും. സര്‍ക്കാര്‍ നിസ്സംഗത വെടിയുന്നപക്ഷം 941 ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്ക് കീഴിലായി 15,262 ഗ്രാമകേന്ദ്രങ്ങളും 6 കോര്‍പറേഷനുകളില്‍ 414 വാര്‍ഡ് കേന്ദ്രങ്ങളും 87 മുനിസിപ്പാലിറ്റികളില്‍ 3078 വാര്‍ഡ് കേന്ദ്രങ്ങളുമാണ് നിലവില്‍ വരിക.

സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെങ്കിലും ഗ്രാമകേന്ദ്രം/വാര്‍ഡ് കേന്ദ്രം സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വാര്‍ഡ് അംഗങ്ങള്‍ക്ക് ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമസഭാഓഫീസായും നഗരസഭകളില്‍ വാര്‍ഡ് സഭ ഓഫീസായും സേവാഗ്രാം പ്രവര്‍ത്തിക്കും. ഗ്രാമസഭ/വാര്‍ഡ് സഭ സംഘാടനത്തിനും വാര്‍ഡില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും വിലയിരുത്തുന്നതിനും ക്രോഡീകരിക്കുന്നതിനും വാര്‍ഡ് വികസന സമിതിയുടെ ആസ്ഥാന കേന്ദ്രമായും ഓഫീസ് മാറും. ഇതിന് പുറമെ ആര്‍.ആര്‍.ടി, ആരോഗ്യ ശുചിത്വ പോഷണ സമിതി, ജാഗ്രത സമിതി, വിവിധ കര്‍ഷക സമിതികള്‍, പരിസ്ഥിതി സമിതി, സോഷ്യല്‍ ഓഡിറ്റ് സമിതി, കുടുംബശ്രീ എ.ഡി.എസ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഏകോപന സമിതി, ഗുണഭോക്തൃ സമിതികള്‍, വയോജന ക്ലബ്ബ്, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ രൂപീകരിക്കുന്ന മറ്റു ജനകീയ സമിതികള്‍ എന്നിവയുടെയെല്ലാം ഓഫീസ് ഗ്രാമകേന്ദ്രങ്ങളായിരിക്കും.

വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളാണ് ഓഫീസിനായി ഉപയോഗപ്പെടുത്തേണ്ടത്. ഇവ ലഭ്യമല്ലാത്തപക്ഷം 25 ച.മീ വിസ്തീര്‍ണമുള്ള വാടക കെട്ടിടങ്ങളെ സേവാഗ്രാമിനായി കണ്ടെത്തണം. വാടക, സ്റ്റേഷനറി, യോഗനടത്തിപ്പ് എന്നിവക്കായി വര്‍ഷത്തില്‍ വാര്‍ഡിന് 50000 രൂപവരെ വികസനതനത് ഫണ്ടില്‍നിന്നും ഉപയോഗപ്പെടുത്താം. ഇതിന്പുറമെ പ്രത്യേക പദ്ധതി തയ്യാറാക്കി ഫര്‍ണിച്ചറുകളും വാങ്ങാവുന്നതാണ്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി പ്രാദേശിക വിഭവ സമാഹരണവും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്. ആഴ്ചയില്‍ അഞ്ച് ദിവസം ഉച്ചക്ക് ശേഷം മൂന്നു മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനം. കേന്ദ്രത്തിന്റെ മുഖ്യ ചുമതല വാര്‍ഡ് അംഗത്തിനും വസ്തുക്കളുടെ സൂക്ഷിപ്പ് ചുമതല തദ്ദേശസ്ഥാപന സെക്രട്ടറിക്കും രേഖകളുടെ സൂക്ഷിപ്പ് ചുമതല വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ക്കുമായിരിക്കും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ് അംഗത്തെ സഹായിക്കുന്നതിന് തദ്ദേശസ്ഥാപനത്തിലെയോ ഘടകസ്ഥാപനങ്ങളിലേയോ ഒരു ഉദദ്യോഗസ്ഥനെ ഭരണസമിതി നിശ്ചയിക്കുന്നതാണ്. പ്രവര്‍ത്തനം നടത്തുന്നതിന് സന്നദ്ധ പ്രവര്‍ത്തകനെ ഫെസിലിറ്റേറ്ററായി നിയോഗിക്കണം. ഇദ്ദേഹമാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുക. വാര്‍ഡിലെ ഗുണഭോക്തൃ ലിസ്റ്റ്, അറിയിപ്പുകള്‍, ഉത്തവരവുകള്‍, സ്ഥിതിവിവര കണക്കുകള്‍ തുടങ്ങിയവയെല്ലാം ഗ്രാമകേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും.

 

 

പി.കെ ഷറഫുദ്ദീന്‍

Test User: