ചന്ദ്രനില്‍ പറന്നുയര്‍ന്ന് വിക്രം ലാന്‍ഡര്‍; വീണ്ടും സുരക്ഷിത ലാന്‍ഡിങ്: പരീക്ഷണം വിജയമെന്ന് ഐ.എസ.്ആര്‍.ഒ- വീഡിയോ

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍- 3 യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഐ.എസ്.ആര്‍.ഒ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഭൂമിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രകാരമാണ് ലാന്‍ഡര്‍ ഏകദേശം 40 സെന്റീമീറ്റര്‍ ഉയര്‍ന്നത്. 30- 40 സെന്റീമീറ്റര്‍ അകലത്തില്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ 3 നായിരുന്നു പരീക്ഷണം.

ഈ പരീക്ഷണത്തിന് മുന്നോടിയായി പ്രഗ്യാന്‍ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാമ്പും, ChaSTE, ILSA എന്നീ ഉപകരണങ്ങളും മടക്കിവെക്കുകയും ലാന്‍ഡിങിന് ശേഷം അവ വീണ്ടും വിന്യസിക്കുകയും ചെയ്തു.

ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഐഎസ്ആര്‍ഒ ഹോപ്പ് പരീക്ഷണം നടത്തിയത്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാംപിളുകള്‍ ഭൂമിയിലെത്തിക്കുന്നതിനും മനുഷ്യയാത്രയ്ക്കും സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മിക്കുന്നതിന് ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

 

webdesk13:
whatsapp
line