X

അറഫ, മിനാ സേവനം പൂർത്തിയാക്കി ‘വിഖായ’ വളണ്ടിയർമാർ മടങ്ങി

മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ മക്കയിലും മിനായിലും കൈത്താങ്ങായി സന്നദ്ധ സേവനരംഗത്ത് സമസ്ത ഇസ്‌ലാമിക് സെൻർ സൗദി നാഷണൽ കമ്മിറ്റിയുടെ വിഖായ നീലപ്പടയണിയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന ഹാജിമാർക്ക് ലോകോത്തര സൌകര്യങ്ങളൊരുക്കി ആതിഥേയത്വം വഹിക്കുന്ന സൗദി ഭരണകൂടത്തിന്റെ കീഴിൽ ഹജ്ജ് മന്ത്രാലയവും അനുബന്ധ വകുപ്പുകളും സജ്ജമാക്കുന്ന ഔദ്യോഗിക സേവന സംവിധാനങ്ങൾക്ക് സഹായകമാകുംവിധം സന്നദ്ധ സേവന രംഗത്ത് മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും എസ് ഐ സി വിഖായ കർമ്മനിരതരായിരുന്നു. അറഫ സംഗമം മുതൽ ഇരുന്നൂറോളം വരുന്ന വളണ്ടിയർമാരാണ് രംഗത്തുണ്ടായിരുന്നത്.

മക്കയിലേക്കും ഹജ്ജ് അനുബന്ധ കർമ്മ ഭൂമികളിലേക്കും പ്രവേശിക്കുന്നതിന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള സ്വദേശികളും വിദേശികളുമായ മുഴുവൻ ആളുകൾക്കും കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തി അധികൃതർ മുന്നറിയിപ്പ് നല്കിയതിനാൽ; മറ്റു സന്നദ്ധ സംഘടനകളെ പോലെ തന്നെ സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ഹജ്ജ് സേവനത്തിനായി പരിശീലനം നേടി തയാറെടുത്തിരുന്ന എസ് ഐ സി വിഖായ വളണ്ടിയർമാർക്ക് ഇത്തവണ ഹജ്ജ് സേവനങ്ങളില് പങ്കുചേരാൻ അവസരം ലഭിച്ചിരുന്നില്ല. നിർണായക ഘട്ടത്തിൽ മക്കയിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിഖായ വളണ്ടിയർമാർ ചേർന്നാണ് ഈ വർഷം സന്നദ്ധ സേവന ദൌത്യം പൂർത്തീകരിച്ചത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സന്നദ്ധ സേവന സംഘം നാട്ടിലും മറുനാട്ടിലും പ്രശംസനീയമായ സേവനങ്ങളാണ് കാഴ്ച വെക്കുന്നത്. കേരളത്തിലെ പ്രളയവും കോവിഡ് കാലവും മറക്കാനാവുന്നതല്ല. ഈയടുത്ത് ദുബായിലെ പ്രളയ കാലത്തും ബഹ്റൈനിൽ അഗ്നിബാധയുണ്ടായപ്പോഴും നടത്തിയ സേവനങ്ങൾ സ്മരണീയമാണ്.
സൗദി നാഷണൽ വിഖായ എല്ലാ വർഷവും നടത്തുന്ന ഹജ്ജ് വോളണ്ടിയർ സേവനമടക്കം വിഖായയുടെ സന്നദ്ധ പ്രവർത്തനങ്ങൾ വലിയ ജനശ്രദ്ധയും അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തകളിൽ ഇടം നേടിയതുമാണ്. കടുത്ത ചൂടിലും വേറിട്ട പ്രവർത്തനങ്ങളാണ് വിഖായ നടത്തിയത്. ആതിഥ്യരായ മക്ക എസ്‌ഐസി വിഖായ ആദ്യ ഹജ്ജ് സംഘം എത്തിയതുമുതൽ അവസാന ഹജ്ജ് സംഘവും മടങ്ങുന്നതുവരെയുള്ള നിരന്തരമായ സേവനങ്ങൾ നടത്തിവരുന്നു. അതോടൊപ്പം ജിദ്ദാ എസ്‌ഐസി വിഖായ പെരുന്നാൾ സുദിനത്തിൽ ഇന്ത്യൻ എംബസ്സിയുടെ കാർഡുമായി മിനായിൽ പ്രവേശിക്കുകയും വീൽ ചെയറുകളുമായും കഞ്ഞി വിതരണം കൊണ്ടും വഴിതെറ്റിയ ഹാജിമാരെ ടെന്റുകളിലേക്ക് തിരിച്ചെത്താൻ സഹായിച്ചും വളരെ ശ്രദ്ധേയമായ സേവനങ്ങൾ കൊണ്ട് പ്രത്യേകം ശ്രദ്ധാ കേന്ദ്രമായി.

പ്രവർത്തകർക്ക് ആവേശം പകർന്ന് SIC സൗദി നാഷണൽ കമ്മിറ്റിയുടെ മക്കയിലെ മിനാ ഓപ്പറേഷൻ ക്യാമ്പ് എസ്.വൈ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ സന്ദർശിക്കുകയും വിഖായ വളണ്ടിയർ സേവനങ്ങൾ ഒട്ടേറെ മതിപ്പുളവാക്കുന്നതായിരുന്നുവെന്നും പേരുപോലെ തന്നെ സേവനങ്ങൾ അഭിമാനകരവുമായിരുന്നുവെന്നും അതിപ്രായപ്പെട്ടു.
പരിശുദ്ധ ഹറമുകളിൽ എത്തുന്ന ഹാജിമാർക്ക് വിഖായ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.

നാഷണൽ പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി അധ്യക്ഷത വഹിച്ച സംഗമത്തിൽ എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി.
അറഫാ, മുസ്ദലിഫ, മിന തുടങ്ങിയ സ്ഥലങ്ങളിൽ വളണ്ടിയർ സേവനങ്ങൾ നടത്തുന്നതിന് അവസാന സമയം വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വിഖായ സംഘത്തിന് മിന ഓപ്പറേഷനിൽ ഹാജിമാർക്ക് ശ്രദ്ധേയവും ശ്ലാഘനീയവുമായ സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തുഷ്ടി രേഖപ്പെടുത്തുന്നതോടൊപ്പം വരും വർഷങ്ങളിൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുമെന്നും സയ്യിദ് ഉബൈദുല്ല തങ്ങൾ പറഞ്ഞു.

യോഗത്തിൽ അസീസിയ മാപ്പ് റീഡിങ് മുനീർ ഫൈസി മാമ്പുഴ (മക്ക) നിർവ്വഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ്‌ അബൂബക്കർ ദാരിമി ആലമ്പാടി, ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പലം (മക്ക), ഹറമൈൻ സോണൽ ജനറൽ സെക്രട്ടറി സലീം നിസാമി ഗൂഡല്ലൂർ, വർക്കിങ് സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊന്മള, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി, സെക്രട്ടറി സിറാജുദ്ധീൻ പേരാമ്പ്ര മക്ക സെൻട്രൽ കമ്മിറ്റി നേതാക്കളായ ജാസിം കാടാമ്പുഴ, സ്വലാഹുദ്ധീൻ വാഫി, മുബശ്ശിർ അരീക്കോട്, ഫിറോസ് ഖാൻ, യൂസുഫ് ഒളവട്ടൂർ, നിസാർ നിലമ്പൂർ, മുഹമ്മദ് അസീസിയ്യ, അയ്യൂബ് എടരിക്കോട്, മരക്കാർ പാങ്ങ്, അബ്ദുൽ നാസർ കൊളമ്പൻ എന്നിവരും ജിദ്ദാ എസ്‌ഐസി സാരഥികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് ദുൽഫുഖാർ തങ്ങൾ ജെമലുല്ലൈലി, സലീം മലയിൽ അമ്മിനിക്കാട്, ഷമീർ താമരശ്ശേരി, അസീസ് പുന്നപ്പാല, ഷൗക്കത്ത് കരുവാരകുണ്ട്, നജീബ് മംഗലാപുരം, എഞ്ചിനീയർ ഫാറൂഖ് അരീക്കോട് തുടങ്ങിയവരും സംബന്ധിച്ചു.
വിഖായ നാഷണൽ സമിതി ചീഫ് കോർഡിനേറ്റർ ദിൽഷാദ് തലാപ്പിൽ സ്വാഗതവും വിഖായ നാഷണൽ സമിതി ചെയർമാൻ സയ്യിദ് ടി.പി മാനു തങ്ങൾ അരീക്കോട് നന്ദിയും പറഞ്ഞു.

അവസാനത്തെ ഹാജിയും മടങ്ങുന്നത് വരെ തുടർന്നുള്ള ദിവസങ്ങളിലും മക്കയിലും മദീനയിലും വിഖായ സേവനം തുടരുമെന്ന് നാഷണൽ വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങളും ജനറൽ കൺവീനർ ഷജീർ കൊടുങ്ങല്ലൂരും അറിയിച്ചു.
ഈ വർഷത്തെ ഹജ്ജിന് എത്തി അറഫയിലും മിനയിലും മറ്റു സ്ഥലങ്ങളിലുമായി മരണപ്പെട്ട ഹാജിമാർക്കും, ഈ വർഷത്തെ ഹജ്ജ് സേവനങ്ങളിൽ പങ്കെടുത്ത എല്ലാ വിഖായ പ്രവർത്തകർക്കും ലോക മുസ്ലിംകൾക്കും വേണ്ടി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ പ്രത്യേകം പ്രാർത്ഥന നിർവ്വഹിച്ചു.

webdesk14: