വിജയുടെ പുതിയ ചിത്രം ലിയോ ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍. നിർമാതാക്കളായ സെവന്‍ത് സ്ക്രീന്‍ സ്റ്റുഡിയോയുടെ ആവശ്യം തമിഴ്നാട് സർക്കാർ തള്ളി.തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ തിങ്കളാഴ്ച ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്‍റെ ആവശ്യത്തെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാല്‍ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. അതിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയത്.
തീരുമാനം ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 7 മണി ഷോ സ്കൂൾ സമയത്ത് ഗതാഗത കുരുക്കുണ്ടാകുമെന്ന് ഡിജിപി സര്‍ക്കാറിനെ അറിയിച്ചു.ഈ ഷോയ്ക്കായി രാവിലെ 5 മുതൽ സുരക്ഷ ഒരുക്കേണ്ടി വരുമെന്നും ഡിജിപി വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. നിലവില്‍ തമിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും.നാളെ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് പ്രദര്‍ശനം ആരംഭിക്കും.