മോദി സര്‍ക്കാര്‍ അഭിമാനപൂര്‍വം അവതരിപ്പിച്ച ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്കെതിരെ പ്രതികരിക്കുന്ന മെര്‍സല്‍ സിനിമയുടെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. വാക്‌പോരുകള്‍ മുറുകിയപ്പോള്‍ ചിത്രത്തില്‍ നായകനായ വിജയിയുടെ മതവിശ്വാസത്തെ പോലും തൊട്ടുകളിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.
മെര്‍സല്‍ വിവാദം ഇത്ര രൂക്ഷമായിട്ടും പ്രതികരിക്കാന്‍ വിജയ് ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ താരത്തിന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍. വിജയിയുടെ യഥാര്‍ത്ഥ പേര് വിജയ് ജോസഫാണെന്ന ബിജെപി നേതാവ് എച്ച്.രാജയുടെ പ്രതികരണമാണ് ചന്ദ്രശേഖറിനെ ചൊടിപ്പിച്ചത്.
‘സ്‌കൂള്‍ രേഖകള്‍പ്രകാരം എന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണ്. ജാതിയും മതവുമില്ലാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്. ഇനി ക്രിസ്ത്യാനിയാണെങ്കില്‍ കൂടി അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്താണ് പ്രശ്‌നം. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഉദാരമായ ചിന്താഗതി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നാണ് അവരുടെ നീക്കങ്ങള്‍ തെളിയിക്കുന്നത്. വിജയ് നടനാണ്. അവന്റെ ഭാഷ സിനിമയാണ്. സാമൂഹ്യരംഗത്തല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്. അഴിമതി, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിയമത്തിനു മുന്നില്‍ വരുമ്പോള്‍ സിനിമയിലൂടെ അത് തുറന്നു കാട്ടപ്പെടും. അതിന് ഇത്തരം നീക്കങ്ങളാണോ മറുപടി. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പരാശക്തിയെന്ന സിനിമ ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങേണ്ടിയിരുന്നത്’-ചന്ദ്രശേഖര്‍ പറഞ്ഞു.
‘ഇനി ക്രിസ്ത്യാനി ആണെങ്കിലെന്താ?’; വിജയിക്കെതിരായ വര്‍ഗീയ അധിക്ഷേപത്തിന് മറുപടിയുമായി അച്ഛന്‍
Tags: actor vijay