വയനാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തിയ വിവാദ പരാമർശങ്ങൾ ഇൻഡ്യ മുന്നണിക്കെതിരെ ആയുധമാക്കി ബി.ജെ.പി. ലോക്സഭ പ്രതിപക്ഷ നേതാവിന്റേത് വർഗീയവാദികളുടെ പിന്തുണയോടെയുള്ള വിജയമാണെന്ന് ഘടകകക്ഷിനേതാവ് തന്നെ പ്രഖ്യാപിച്ചതാണ് ഗൗരവതരമായി മാറുന്നത്.
കോൺഗ്രസും സി.പി.എമ്മും ഒത്തുചേർന്ന് ഇൻഡ്യ സഖ്യമെന്ന പേരിലാണ് പ്രവർത്തിക്കുന്നതെന്നും ഇവർ വർഗീയശക്തികളെ വളർത്തുകയാണെന്നും ബി.ജെ.പി പ്രഭാരി പ്രകാശ് ജാവദേത്കർ പ്രതികരിച്ചു. ഉത്തരേന്ത്യയിലെ സംഘ് അനൂകൂല സാമൂഹികമാധ്യമ ഹാൻഡിലുകളും വിഷയം ചർച്ചയാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, വിവാദങ്ങൾ ഉയരുമ്പോഴും ഫേസ്ബുക് പോസ്റ്റിലൂടെ വിജയരാഘവൻ നിലപാട് ആവർത്തിച്ചു. ഫലത്തിൽ വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ജയം ന്യൂനപക്ഷ വിജയമായി വരുത്താൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങൾക്കാണ് വിജയരാഘവന്റെ വാക്കുകൾ കരുത്തേകുന്നത്.
‘ഇന്ത്യ’ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുന്നണിയുടെ രാഷ്ട്രീയ സമീപനങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് പൊളിറ്റ് ബ്യൂറോ അംഗത്തിൽനിന്ന് ഉണ്ടായത്. ഇതിനിടെ കോൺഗ്രസും സി.പി.എമ്മും വർഗീയ ശക്തികളെ വളർത്തുകയാണെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് എം.ടി രമേശും രംഗത്തെത്തി. വിജയരാഘവൻ ഉന്നമിട്ടത് കോൺഗ്രസിനെയാണെങ്കിലും വിഷയം ആയുധമാക്കിയ ബി.ജെ.പി ഇരുകൂട്ടരെയും ഉന്നംവെയ്ക്കുകയാണ്.
പൗരത്വസമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന, പൗരത്വപ്രക്ഷോഭം നേരിടാൻ സംഘ്പരിവാർ ആയുധമാക്കിയതിന് സമാനമാണ് സാഹചര്യം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ലോക്സഭയില് കേരള മുഖ്യമന്ത്രിയുടെ പരാമർശം അടിവരയിട്ട് സംസാരിച്ചിരുന്നു. വിജയരാഘവന്റെ പരാമർശത്തിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയെങ്കിലും സി.പി.എം പ്രതികരിച്ചിട്ടില്ല.
മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ കോഴിക്കോട് ജില്ല സെക്രട്ടറി നടത്തിയ വർഗീയ പരാമർശങ്ങൾ തള്ളിപ്പറഞ്ഞ് വിവാദങ്ങളിൽനിന്ന് ഒരുവിധം പാർട്ടി തലയൂരുമ്പോഴാണ് അടുത്ത കല്ലുകടി. മാത്രമല്ല, ഒറ്റപ്പെട്ടതെന്ന് ന്യായീകരിക്കാനാകാത്ത വിധമാണ് വിവാദങ്ങളുടെ ആവർത്തനം.
പ്രതിപക്ഷമാകട്ടെ കാഫർ സ്ക്രീൻഷോട്ടും മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖവും മുതലുള്ള സമാന വിവാദശൃംഖലകൾ അക്കമിട്ട് സി.പി.എം വർഗീയ കാർഡ്മാറ്റ രാഷ്ട്രീയത്തിലേക്കെന്ന ഗുരുതര ആരോപണമുന്നയിച്ച് കഴിഞ്ഞു. 2019ൽ രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ നടത്തിയ റാലിയെ കുറിച്ച് അമിത് ഷാ നടത്തിയ പരാമർശങ്ങളുടെ ലൈനിലാണ് വിജയരാഘവൻ പ്രസംഗിക്കുന്നതെന്നാണ് വിമർശനം.
തലസ്ഥാനത്തെ സി.പി.എം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത പി.ബി അംഗം എം.എ. ബേബി, ബി.ജെ.പിയുടെ വളർച്ച ഉയർത്തുന്ന ഭീഷണി പ്രസംഗത്തിൽ അടിവരയിട്ടപ്പോഴാണ് വയനാട്ടിൽ മറ്റൊരു പി.ബി അംഗത്തിൽ നിന്നുള്ള അപ്രതീക്ഷിത പരാമർശങ്ങളെന്നതും ശ്രദ്ധേയം.