വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന് നടത്തിയ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ ഡിജിപിക്ക് പരാതി നല്കി മുസ്ലിം യൂത്ത് ലീഗ്.
പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന് വിവാദ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോള്‍ വിജയരാഘവന് പറഞ്ഞത് പാര്‍ട്ടി ലൈന്‍ തന്നെയാണെന്നായിരുന്നു നേതാക്കള്‍ കൂട്ടത്തോടെ ഉറപ്പിച്ച് പറയുന്നതും. ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവന്റെ പരാമര്‍ശത്തെ സിപിഎം നേതാക്കള്‍ ന്യയീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം വിജയരാഘവന്റെ പരാമര്‍ശം ദേശീയ തലത്തില്‍ ബിജെപിയും ആയുധമാക്കിമാറ്റിയിരിക്കുകയാണ്. ഇന്ത്യസഖ്യത്തില്‍ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നല്‍കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. എന്നാല്‍ എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമി പോലുള്ള വര്‍ഗ്ഗീയ സംഘടനകളെ കൂട്ട് പിടിച്ച യുഡിഎഫാണ് ബിജെപിക്ക് വളംവെക്കുന്നതെന്നാണ് സിപിഎം പറയുന്നത്.