കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ട് ചന്ദ്രിക വിജയമുദ്ര എജു എക്‌സല്‍ എക്‌സ്‌പോയ്ക്ക് തുടക്കം. വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ക്ലാസുകളുടെ വൈവിധ്യം കൊണ്ടും മികവ് പുലര്‍ത്തിയ എജു എക്‌സ്‌പോയില്‍ മൊത്തം 10,000ല്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.
കോഴിക്കോട് ഇന്നലെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞെത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അടിമുടി ഉറച്ചു വാര്‍ക്കേണ്ട സമയം അതിക്രമിച്ചതായി ചടങ്ങ് ഉല്‍ഘാടനം ചെയ്ത എം.പി പറഞ്ഞു. പരമ്പരാഗത രീതികളും കോഴ്‌സുകളുമാണ് നമ്മുടെ കോളജുകളിലുളളത്. പല കോളജുകളിലും ബിരുദം, ബിരുദാനന്തര സിറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പലതും അടച്ചു പൂട്ടുന്നു.
അതേസമയം ന്യുജന്‍ കോഴ്‌സുകള്‍ക്കായി മലയാളി വിദ്യാര്‍ത്ഥികള്‍ കൂട്ടതോടെ അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഒഴുകുന്നു. ഇതേ കുറിച്ച് ഗൗരവമായ ചര്‍ച്ച ഉയര്‍ന്നു വരണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു. എഡിറ്റര്‍ കമാല്‍ വരദൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജോജോ ടോമി, അഡ്വ.നജ്മ തബ്ഷീറ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ഉന്നത വിജയം നേടിയവര്‍ക്ക് നജീബ് കാന്തപുരം എം.എല്‍.എ മെമെന്റോകള്‍ കൈമാറി. മുസ്‌ലീംഗ് ദേശീയ അസി.സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്‌ലിയ, ഇലാന്‍സ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, ചന്ദ്രിക ഡി.ജി.എം നജീബ് ആലുക്കല്‍, എ.ഒ സല്‍മാന്‍, കോഴിക്കോട് റസി.മാനേജര്‍ മുനീബ് ഹസ്സന്‍, മാര്‍ക്കറ്റിങ്ങ് മാനേജര്‍ നബില്‍ തങ്ങള്‍ സംസാരിച്ചു. കോഴിക്കോട് റസി.എഡിറ്റര്‍ ലുക്മാന്‍ മമ്പാട് നന്ദി പരഞ്ഞു.
എക്‌സ്‌പോ ഇന്നും കോഴിക്കോട്,18ന് മഞ്ചേരി
കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ക്ലാസുകളുടെ വൈവിധ്യവും ചന്ദ്രിക എജ്യു എക്‌സ്‌പോയെ വേറിട്ടതാക്കുന്നു. ഇന്നും കോഴിക്കോട് പാളയം ചിന്താ വളപ്പിലെ മെജസ്റ്റിക് ഹാളില്‍ നടക്കുന്ന എക്‌സ്‌പോ രാവിലെ 10ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. 18ന് മഞ്ചേരിയിലും 20ന് തിരൂരിലും 22ന് കണ്ണൂരിലും 25ന് വയനാട്ടിലും 27ന് പട്ടാമ്പിയിലും 30ന് കൊല്ലത്തും ജൂണ്‍ 1ന് ആലുവയിലുമായി നടക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുവാന്‍ ഇതുവരെ പതിനായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തത്.