X

വിജയരാഘവന്‍ നയിക്കുന്നത് വര്‍ഗീയ മുന്നേറ്റ യാത്ര; ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതികരണവുമായി നേതാക്കള്‍

കോഴിക്കോട്: സി.പി.എം സെക്രട്ടറി എ. വിജയരാഘവന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി നേതാക്കള്‍. ബി.ജെ.പിയുടെ മെഗാഫോണ്‍ ആയിട്ടാണ് എ. വിജയരാഘവന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജയരാഘവന്‍ രാവിലെ പറയുന്നതാണ് സുരേന്ദ്രന്‍ വൈകുന്നേരം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വര്‍ഗീയതയും തെറ്റാണെന്നും തരംതിരിക്കുന്നത് എന്തിനാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

എന്നാല്‍ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണിയുടെ വര്‍ഗീയതയാണ്. ബി.ജെ.പിയുടെ ഭാഷയിലാണ് സി.പി.എം നേതാക്കള്‍ സംസാരിക്കുന്നത്. സി.പി.എം ഭരണത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയ അവഗണന നേരിട്ടു. അതോടൊപ്പം ആക്ഷേപവും കേള്‍ക്കേണ്ടി വരുന്നു. അദ്ദേഹം പറഞ്ഞു.

സി.പി.എം സെക്രട്ടറി എ. വിജയരാഘവന്‍ നയിക്കുന്നത് വര്‍ഗീയ മുന്നേറ്റ യാത്രയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വികസന മുന്നേറ്റ ജാഥ എന്നു പേര് കൊടുത്തിട്ടു പോലും അവിടെ സര്‍ക്കാറിന്റെ വികസനത്തെക്കുറിച്ച് പറയാതെ വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പിക്കും സി.പി.എമ്മിനും ഇനി ഒരേ ഭാരവാഹികള്‍ മതി എന്നതാണ് കേരളത്തിലെ സ്ഥിതി. രണ്ടുകൂട്ടരും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരേ കാര്യങ്ങളാണ്. കേരളത്തിന്റെ മഹത്തായ മതേതര പാരമ്പര്യങ്ങളെ തകര്‍ത്തെറിയാനുള്ള സി.പി.എം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

web desk 1: