ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജി സമര്‍പ്പിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ കേന്ദ്രനിയമ മന്ത്രാലയം രാഷ്ട്രപതി വിജയയുടെ രാജി സ്വീകരിച്ച കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയില്‍നിന്ന് വിജയയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലമാറ്റം. ഇതിനുപിന്നാലെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് വിജയ രാജി സമര്‍പ്പിക്കുകയായിരുന്നു. സുപ്രധാനമായ ഒട്ടേറെ കേസുകളില്‍ വിധി പറഞ്ഞിട്ടുള്ള വിജയ ഏറെ കോളിളക്കമുണ്ടാക്കിയ ബില്‍ക്കിസ് ബാനു ബലാത്സംഗകേസ് പരിഗണിച്ചിരുന്ന ചീഫ് ജസ്റ്റിസായിരുന്നു. ഗുജറാത്തില്‍ നിന്നും ബോംബെ ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റവും വിജയ താഹില്‍രമാനിക്ക് ലഭിച്ചിരുന്നു.
രാജ്യത്തെ പ്രമുഖ ഹൈക്കോടതിയില്‍ നിന്നും ഏറ്റവും ചെറിയ ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ഈ സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തെ വിജയ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കൊളീജിയം തള്ളി. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സെപ്റ്റംബര്‍ ഏഴിന് വിജയ രാജി സമര്‍പ്പിച്ചത്. ഇതിന്റെ ഒരു പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കും ഇവര്‍ സമര്‍പ്പിച്ചിരുന്നു.