ചെന്നൈ: തമിഴ് നടന്‍ വിജയ് സേതുപതി വാള്‍ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ചത് വിവാദത്തില്‍. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ വിജയ് സേതുപതി ക്ഷമ ചോദിച്ചു. മോശം സന്ദേശമാണ് തന്റെ പ്രവൃത്തി നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്.
ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. മൂന്ന് ദിവസം മുന്‍പുള്ള ജന്മദിനാഘോഷത്തിന്റെ ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ സെറ്റിലായിരുന്നു ആഘോഷം. ആ സിനിമയില്‍ വാളിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി കൂടുതല്‍ സൂക്ഷ്മത കാണിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്റെ പ്രവൃത്തിയില്‍ ഖേദിക്കുന്നു.
മുന്‍പും വാള്‍ ഉപയോഗിച്ചുള്ള കേക്ക് മുറിക്കല്‍ തമിഴ്‌നാട്ടില്‍ വിവാദമായിരുന്നു. അന്ന് അങ്ങനെ ചെയ്ത ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വിജയ് സേതുപതിയും ചെയ്തത് ഇതേ കുറ്റമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്.