X

‘ഇവിടെ എന്റെയും ബിജെപിയുടെയും നില പരുങ്ങലില്‍’; ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ ഗുജറാത്തില്‍ ബിജെപിയുടെയും തന്റേയും നില പരുങ്ങലിലാണെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സുരേന്ദ്രനഗര്‍ ജില്ലയിലെ വധ്വാന്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുത്ത നരേഷ്ഭായ് ഷായോട് രൂപാണി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്.

‘നരേഷ് ഭായി, നമ്മള്‍ പരസ്പരം മത്സരിക്കാന്‍ പാടില്ല. രാജ്യത്തെ തന്നെ ജൈന മത വിശ്വാസിയായ ആദ്യ മുഖ്യമന്ത്രിയാണ് ഞാന്‍. ഗുജറാത്തില്‍ അഞ്ച് ശതമാനം പോലും ജൈനവിഭാഗം ഇല്ലാതിരുന്നിട്ടും എന്നെ മുഖ്യമന്ത്രിയാക്കിയ കാര്യം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞു. ഇത്തവണ ഇവിടെ പാര്‍ട്ടിയുടെയും എന്റയും അവസ്ഥ പരുങ്ങലിലാണ്. ജൈനന്മാര്‍ ഞങ്ങളെ പിന്തുണയ്ക്കില്ലേ?’ എന്നാണ് രൂപാണി പറഞ്ഞത്.

സുരേന്ദ്രനഗര്‍ ജില്ലയിലെ വധ്വാന്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച നരേഷ്ഭായ് ഷായോടാണ് രൂപാണി സംസാരിച്ചത്. വധ്വാന്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും ജൈന മതവിശ്വാസിയുമായ വര്‍ഷാബെന്‍ ദോഷിയെ മത്സരിപ്പിക്കാതെ ധാഞ്ജിഭായ് പട്ടേലിനാണ് ബിജെപി സീറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് അഞ്ച് ജൈന മതവിശ്വാസികള്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് ഇവരെ പിന്തിരിപ്പിക്കാന്‍ രൂപാണി ശ്രമിച്ചത്. ഈ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വലിയതോതില്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

chandrika: