നാഗ്പൂര്‍ : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓപണര്‍ മുരളി വിജയുടെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നിന് 11 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം ഒരുവിക്കറ്റ് മാത്രമാണ് നഷ്ടമായത്. 121 റണ്‍സുമായി പൂജാരയും 54 റണ്‍സുമായി നായകന്‍ വിരാട് കോഹ് ലിയുമാണ് ക്രീസില്‍. സ്‌കോര്‍ ഇന്ത്യ- 312/2, 98 ഓവര്‍ (ചേതേശ്വര്‍ പൂജാര 121*, മുരളി വിജയ്121, രഗണ ഹെരാത്ത് 1/47), ശ്രീലങ്ക-205/10, 79.1 ഓവര്‍ ( ദിനേഷ് ചണ്ഡിമാല്‍ 57, ദിമുത് കരുണരത്‌നെ 51, രവിചന്ദ്ര അശ്വിന്‍ 4/67, ഇഷാന്ത് ശര്‍മ 3/37)
മുരളി വിജയും ചേതേശ്വര്‍ പൂജാരയും ക്രീസില്‍ നിലയുറപ്പിച്ചതോടെ രണ്ടാം ദിനത്തിലെ കളിയുടെ നിയന്ത്രണം പൂര്‍ണമായും ഇന്ത്യന്‍ വരുത്തിയിലാവുകയായിരുന്നു. വിജയ്-പൂജാര സംഖ്യം രണ്ടാം വിക്കറ്റില്‍ 209 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. തുടര്‍ച്ചായായ നാലാം 100 പ്ലസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടുന്നത്. 221 പന്തില്‍ പതിനൊന്ന് ഫോറും ഒരു സിക്‌സും പറത്തിയ വിജയിയെ ദില്‍രുവാന്‍ പെരേരയുടെ കൈകളിലെത്തിച്ച് രണ്ടാം ദിനത്തിലെ ഏക വിക്കറ്റ് രഗണ ഹെരാത്ത് സ്വന്തമാക്കി. കരിയറിലെ പത്താം സെഞ്ച്വറിയാണ് നാഗ്പൂരില്‍ വിജയ് നേടിയത്.ഇതിനിടയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. നാലാമനായി ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലി വേഗത്തില്‍ സ്‌കോറിങ് ഉയര്‍ത്തിയത്തോടെ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടന്നു. 66 പന്തില്‍ കോഹ്‌ലി അര്‍ധ ശതകം കുറിച്ചു. 14-ാം ടെസ്റ്റ് സെഞ്ച്വറിയും സ്വന്തമാക്കിയ പൂജാരയുടെ സമ്പാദ്യം 128 റണ്‍സാണ് . ഇതോടെ 2017 കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ആയിരം റണ്‍സ് നേടാനും പൂജാരക്ക് കഴിഞ്ഞു.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ 205 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ ദിനം തന്നെ എറിഞ്ഞിടുകയായിരുന്നു. നാലു വിക്കറ്റ് രവിചന്ദ്രന്‍ അശ്വിനും മൂന്നു വീതം പേരെ പുറത്താക്കി ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ മികവിലാണ് ഇന്ത്യ ആദ്യദിനം തന്നെ ലങ്കയെ പുറത്താക്കിയത്.അര്‍ധ സെഞ്ച്വറി നേടിയ ദിമുത് കരുണരത്‌നെക്കും (51) നായകന്‍ ദിനേഷ് ചണ്ഡിമലിനും (57) മാത്രമേ ലങ്കന്‍ നിരയില്‍ ബാറ്റുകൊണ്ട് കാര്യമായ വല്ലതും ചെയ്യാന്‍ സാധിച്ചത്.