കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ ഹൈക്കോടതിയുടെ പരോക്ഷ വിമര്‍ശനം. എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവൃത്തി സമൂഹത്തിന് നല്‍കുന്നതെന്ന് കോടതി ചോദിച്ചു. നിയമ വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തതെന്നും ചോദിച്ചു. നിയമ സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നവര്‍ അതിന്റെ പ്രത്യാഘാതവും അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം ഭാഗ്യലക്ഷ്മിയും കൂട്ടരും സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്.
ഭാഗ്യലക്ഷ്മിയും കൂട്ടരും അനുവാദം കൂടാതെയും അതിലൊരാള്‍ മാസ്‌ക് പോലുമില്ലാതെയാണ് തന്റെ റൂമില്‍ പ്രവേശിച്ചതെന്നും വിജയ് പി നായര്‍ കോടതിയില്‍ വാദിച്ചിരുന്നു. പരാതിയുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമായിരുന്നെന്നും നിയമം കയ്യിലെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ലെന്നും വിജയ് പി നായര്‍ കോടതിയില്‍ പറഞ്ഞു. താമസ സ്ഥലത്ത് നടന്നത് കവര്‍ച്ചയാണെന്നും വിജയ് പി നായര്‍ പറഞ്ഞു. എടുത്ത സാധനങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു ഉദ്ദേശമെന്ന് ഭാഗ്യലക്ഷ്മിയും പറഞ്ഞു.