X
    Categories: Culture

വിജയ്‌യുടെ ‘മെര്‍സലി’നെതിരെ ബി.ജെ.പി; ചില സീനുകള്‍ നീക്കിയില്ലെങ്കില്‍ പ്രക്ഷോഭം

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ പുതിയ ചിത്രമായ ‘മെര്‍സലി’നെതിരെ ബി.ജെ.പി. 2 മണിക്കൂര്‍ 50 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ചരക്കു സേവന നികുതി (ജി.എസ്.ടി), ഡിജിറ്റല്‍ ഇന്ത്യ, കുഞ്ഞുങ്ങളുടെ ആശുപത്രി മരണങ്ങള്‍
തുടങ്ങിയവയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തമിഴ്‌നാട് ഘടകം രംഗത്തെത്തി. നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന മെര്‍സല്‍ ആദ്യദിനത്തില്‍ 31 കോടി നേടി വന്‍ വിജയം നേടിയിട്ടുണ്ട്.

ആറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍ രാഷ്ട്രീയത്തിലെ ജനവിരുദ്ധവും ജനദ്രോഹപരവുമായ ദുഷ്പ്രവണതകളെ ചോദ്യം ചെയ്യുന്ന മാസ് എന്റര്‍ടെയ്‌നര്‍ ആയാണ് വിലയിരുത്തപ്പെടുന്നത്. ലഹരിക്കു വേണ്ടി ഉപയോഗിക്കുന്ന മദ്യത്തിന് ജി.എസ്.ടി ഏര്‍പ്പെടുത്താതെ ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് 12 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെ ചിത്രത്തില്‍ ചോദ്യം ചെയ്യുന്നു. പണമിടപാട് ഓണ്‍ലൈന്‍ വഴിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില ഗൊരഖ്പൂരില്‍ ആസ്പത്രിയില്‍ കുട്ടികള്‍ കൂട്ടമായി മരണപ്പെട്ടതിനെയും ചിത്രം വിമര്‍ശന വിധേയമാക്കുന്നു. ആരാധനാലയങ്ങളല്ല, ആശുപത്രികളാണ് ഉയരേണ്ടത് എന്ന പരാമര്‍ശവും മെര്‍സലിലുണ്ട്.

ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തമിഴ്‌നാട് പ്രസിഡണ്ട് തമിഴിസൈ സൗന്ദരരാജന്‍ രംത്തെത്തി. വിജയുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഈ രംഗങ്ങള്‍ക്കു പിന്നിലെന്നും അവ നീക്കിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും തമിഴിസൈ പറഞ്ഞു.

ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മലയാളത്തിലെ ചില സംഘ് പരിവാര്‍ അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പോസ്റ്റുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. വിജയിന്റെ യഥാര്‍ത്ഥ പേര് ജോസഫ് എന്നാണെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കരിവാരിത്തേക്കാന്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്നുമാണ് പ്രചരണം.

തമിഴ്‌നാട്ടിലെ സിനിമാ സമരവും മൃഗക്ഷേമ വകുപ്പിന്റെ എതിര്‍പ്പും അടക്കം നിരവധി കടമ്പകള്‍ കടന്ന് റിലീസിനെത്തിയ മെര്‍സല്‍ മികച്ച ഇനിഷ്യല്‍ കളക്ഷനാണ് നേടിയത്. തമിഴ്‌നാട്ടില്‍ മാത്രം ആദ്യദിനം 19 കോടി നേടിയ ചിത്രം രജനികാന്തിന്റെ ഈ കണക്കില്‍ കബാലിക്ക് തൊട്ടു പിന്നിലാണ്. അമേരിക്കയില്‍ ദംഗല്‍, റയീസ് ചിത്രങ്ങളുടെ ഓപ്പണിങ് ഡേ കളക്ഷനെ മെര്‍സല്‍ കടത്തിവെട്ടിയെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: