X

ഞാനും സിദ്ധാര്‍ഥയെപ്പോലെ; ബാങ്കുകള്‍ക്ക് ആരെയും തകര്‍ക്കാം: മല്യ


ലണ്ടന്‍: സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും ആരെ വേണമെങ്കിലും തകര്‍ക്കാമെന്നതിന്റെ ഉത്തമ തെളിവാണ് കഫേ കോഫീ ഡേ ഉടമ വി.ജി സിദ്ധാര്‍ഥയുടെ ആത്മഹത്യയെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ. പരോക്ഷമായി താനും സിദ്ധാര്‍ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് ട്വിറ്ററിലൂടെയുള്ള പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യംവിട്ടതിനെയും വായ്പയെടുത്ത് മുങ്ങിയതിനെ തുടര്‍ന്നുള്ള കേസിനെയും മല്യ ട്വിറ്ററില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
‘സിദ്ധാര്‍ഥയുടെ കത്തിലെ ഉള്ളടക്കം വായിച്ച് ഞാന്‍ ആകെ മാനസിക വിഷമത്തിലായി. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും ആരെ വേണമെങ്കിലും തകര്‍ക്കാം. വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന് പറഞ്ഞിട്ടും അവര്‍ എന്നോട് ചെയ്തത് നോക്കൂ. നിര്‍ദ്ദയവും അനുകമ്പയില്ലാതെയുമായിരുന്നു അവര്‍ പെരുമാറിയത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഭരണകൂടവും ബാങ്കുകളും കടംവാങ്ങുന്നവരെ വായ്പ തിരിച്ചടക്കാന്‍ സഹായിക്കുന്നുണ്ട്. എന്റെ കേസില്‍ കടം തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ആസ്തികള്‍ ലക്ഷ്യമിട്ട് അവര്‍ പരിശോധിച്ചു. പ്രഥമദൃഷ്ട്യാ ഉള്ള ക്രിമിനല്‍ കേസ് അപ്പീലിനുവേണ്ടി കാത്തിരിക്കുകയാണ്-മല്യ പറഞ്ഞു.
ഇന്ത്യയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന ഏറ്റവും പുതിയ നീക്കങ്ങളെക്കുറിച്ചും അദ്ദേഹം ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ബാങ്കുകള്‍ നല്‍കിയ കേസുകളുമായി ബന്ധപ്പെട്ട് തന്റെ വരുമാന സ്രോതസ്സുകളും ചെലവുകളും ഉള്‍പ്പടെയുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ഇംഗ്ലീഷ് കോടതികള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും മല്യ വ്യക്തമാക്കി.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്ത് തിരിച്ചടക്കാതെ മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ് അദ്ദേഹത്തെ രാജ്യംവിടാന്‍ സഹായിച്ചതെന്ന് ആരോപണമുണ്ട്.

web desk 1: