X

കോഹ്‌ലിയുടെ ചാരിറ്റി ഡിന്നറില്‍ വിജയ് മല്യ; ക്ഷണിക്കാതെ എത്തിയതെന്ന് വിശദീകരണം

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ വിജയ് മല്യയും. തങ്ങള്‍ ക്ഷണിച്ചിട്ടല്ല വിജയ് മല്യ വന്നതെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

മനുഷ്യക്കടത്തിനെതിരെ വിരാട് കോഹ്‌ലി നടത്തുന്ന ജസ്റ്റിസ് ആന്റ് കെയര്‍ ഓര്‍ഗനൈസേഷന്‍ ഫണ്ട് ശേഖരണത്തിനായി നടത്തിയ ചാരിറ്റി ഡിന്നറിലാണ് വിജയ് മല്യ പങ്കെടുത്തത്. ഡിന്നര്‍ സംഘടിപ്പിച്ച ഹോട്ടലില്‍ വിജയ് മല്യ വന്നിറങ്ങുന്ന വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിത്തിലിരുന്ന് വിജയ് മല്യ മത്സരം കാണുന്ന ചിത്രം നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

എന്നാല്‍ വിജയ് മല്യയുടെ പങ്കാളിത്തം തങ്ങളുടെ അറിവോടെയോ ക്ഷണത്തോടെയോ അല്ലെന്നാണ് ഇന്ത്യന്‍ ടീമിന്റെ വിശദീകരണം. കോഹ് ലിയോ അദ്ദേഹത്തിന്റെ ഫൗണ്ടേഷനോ ചടങ്ങിലേക്ക് മല്യയെ ക്ഷണിച്ചിട്ടില്ല. പക്ഷേ ചാരിറ്റി ഡിന്നര്‍ ആയതിനാല്‍ വരുന്നവര്‍ ആരൊക്കെയാണെന്ന് നേരത്തേ അറിയാനാവില്ല. അത്താഴത്തിനെത്തിയ ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ചാവാം മല്യ വന്നതെന്ന് ടീം വ്യത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടിയോളം രൂപ വായ്പയെടുത്തു രാജ്യം വിട്ട വ്യവസായിയാണു മല്യ. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയായിരുന്നു ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്നായി മല്യ വായ്പയെടുത്തത്. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി.

chandrika: