ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ ആഗസ്റ്റ് 27ന് നേരിട്ട് ഹാജരാവണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി.
കോടതി ഉത്തരവ് ലംഘിക്കുന്ന പക്ഷം മല്യയുടെ 12,500 കോടി രൂപയുടെ ആസ്തികള്‍ കണ്ടു കെട്ടാന്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് നിര്‍ദേശം നല്‍കി. പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി വിജയ് മല്യയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റെ് ഡയറകടറേറ്റ്(ഇ.ഡി) സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സമന്‍സ്.
മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും 12,500 കോടി രൂപ വില വരുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റെ് ഡയറക്ടറേറ്റ് കഴിഞ്ഞ ആഴ്ചയാണ് മുംബൈ പ്രത്യേക കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇ.ഡി കോടതിയെ സമീപിച്ചത്. മെയ് 27ലെ ഓര്‍ഡിനന്‍സ് അനുസരിച്ച് ബാങ്കിനെ കബളിപ്പിച്ച് രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് അധികാരമുണ്ട്.
രാജ്യത്തെ വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 9,000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ മല്യ 2016 മാര്‍ച്ച് രണ്ടിനാണ് ഇന്ത്യയില്‍ നി്ന്നും മുങ്ങിയത്. നിലവില്‍ ലണ്ടനിലെ ആഡംബര വീട്ടില്‍ കഴിയുന്ന മല്യക്കെതിരെ നേരത്തെ വിവിധ കോടതികള്‍ സമന്‍സ് അയച്ചിട്ടുണ്ട്. #ോ
അതേ സമയം എന്‍ഫോഴ്‌സ്‌മെന്റ്ുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് വിജയ് മല്യ. വിജയ് മല്യയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് തള്ളിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മല്യയുടെ വിശദീകരണം.
ഇ.ഡി പിടിച്ചെടുത്ത തന്റെ സ്വത്തുവകകള്‍ മടക്കി നല്‍കുകയാണെങ്കില്‍ ബാധ്യതകള്‍ തീര്‍ക്കാനൊരുക്കമാണെന്ന് മല്യ ഇ.ഡിയെ അറിയിച്ചതായാണ് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. കേസ് ഒത്തു തീര്‍ക്കാന്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് മല്യ ആവശ്യപ്പെട്ടതായി ഇ.ഡി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
താന്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്ന് പറയുന്ന മാധ്യമങ്ങള്‍ ഇ.ഡിയുടെ കുറ്റപത്രം വായിക്കണമെന്ന് മല്യ ആവശ്യപ്പെട്ടു.