ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ പുതിയ നിയമപ്രകാരം പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. മുംബൈ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തോടൊപ്പമാണ് ഇ.ഡി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങുന്നവരെ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കുന്നതിനും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം. ബാങ്കുകള്‍ക്കും വിമാനത്താവള അതോറിറ്റികള്‍ക്കും നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയ നിരവധി കേസുകളില്‍ മല്യയെ നേരത്തെ രാജ്യത്തെ വിവിധ കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇത്തരം കേസുകളില്‍ കുറ്റമാരോപിക്കപ്പെടുന്നയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വേണം. പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നയാളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കോടതിയുടെ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ല. മല്യയുടേയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടേയും 12,500 കോടി രൂപ വിലവരുന്ന സ്ഥാവര ജംഗമ സ്വത്തുക്കള്‍ അടിയന്തരമായി കണ്ടുകെട്ടുന്നതിനു വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് പുതിയ നിയമപ്രകാരം മല്യയെ സാമ്പത്തിക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.