X

വിജയ് മല്യയുടേതടക്കം വ്യവസായികളുടെ 7016 കോടി എഴുതിത്തള്ളി

മുംബൈ: പണം കിട്ടാനായി ദശലക്ഷക്കണക്കിന് പേര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കെ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വമ്പന്‍ വ്യവസായികളുടെ വായ്പ എഴുതിത്തള്ളി.

വായ്പ തിരിച്ചടക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ കിങ് ഫിഷര്‍ അടക്കം, നൂറു വന്‍വ്യവസായികളുടെ 7016 കോടി രൂപയാണ് എഴുതിത്തള്ളിയത്. 63 പേരുടെ കുടിശ്ശിക പൂര്‍ണമായും 31 പേരുടെ വായ്പ ഭാഗികമായും എഴുതി തള്ളി്്. ആറ് പേരുടേത് കിട്ടാക്കടമായാണ് എഴുതി തള്ളിയിരിക്കുന്നത്. ദേശീയ മാധ്യമമായ ഡി.എന്‍.എയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. വമ്പന്‍മാരുടെ വായ്പ എന്നാണ് എഴുതി തള്ളിയതെന്ന് വ്യക്തമല്ല. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മാത്രം 1201 കോടി രൂപയാണ് എസ്.ബി.ഐ വേണ്ടെന്നുവെച്ചത്. 2016 ജൂണ്‍ 30 വരെ എസ്ബിഐ 48,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് എഴുതിത്തള്ളിയതെന്ന് പത്രം വെളിപ്പെടുത്തി.

ഈ വായ്പകള്‍ അഡ്വാന്‍സ് അണ്ടര്‍ കലക്ഷന്‍ അക്കൗണ്ടിലേക്ക് (എ.യു.സി.എ) മാറുകയാണ് ചെയ്തിട്ടുള്ളത്. അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാന്‍ എസ്.ബി.ഐയോ വ്യവസായികളോ ഇതുവരെ തയ്യാറായിട്ടില്ല. മല്യക്കു പുറമേ, കെഎസ് ഓയില്‍(596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍(526 കോടി), ജിഇടി പവര്‍(400 കോടി), സായ് ഇന്‍ഫോ സിസ്റ്റം(376 കോടി) എന്നിവരാണ് പട്ടികയില്‍ മുന്‍നിരയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ആരും പട്ടികയിലില്ല.
കിട്ടാക്കടം കുറക്കുന്നത് ബാങ്കിങ് മേഖലയെ ശക്തിപ്പെടുമെന്നാണ് സങ്കല്‍പ്പം.എന്നാല്‍ രാജ്യം മുഴുവന്‍ ക്യൂവില്‍ നില്‍ക്കെ വമ്പന്‍മുതലാളിമാരുടെ കടം എഴുതിത്തള്ളിയത് വന്‍ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
17 ബാങ്കുകളില്‍ നിന്നായി 6,963 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മല്യയെ രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങുകയായിരുന്നു. ഇപ്പോള്‍ ലണ്ടനിലാണ് ഇദ്ദേഹം.

chandrika: