ന്യൂഡല്‍ഹി: കോടികള്‍ തട്ടിച്ച് രാജ്യം വിട്ട കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. രാജ്യത്തെ കോടി കണക്കിന് സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്ന ഭീതിയെത്തുടര്‍ന്നാണിത്. പ്രത്യേക ദൂതന്മാര്‍ മുഖേനയാണ് മല്യ രാജ്യത്തേക്ക് മടങ്ങുന്നതു സംബന്ധിച്ച വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചത്.
സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വത്തുക്കള്‍ നഷ്ടമാകാതിരിക്കാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ മല്യ തീരുമാനിച്ചത്. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിക്കുകയാണെങ്കില്‍ പിന്നീട് ഇതൊരിക്കലും ഉടമസ്ഥന് തിരികെ ലഭിക്കില്ല.
വിവിധ ബാങ്കുകളില്‍ നിന്ന് 9,990.07 കോടി രൂപയാണ് പലിശയടക്കം മല്യ തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.