ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കിയ കേസില്‍ ലണ്ടന്‍ കോടതിയുടെ വിധി. 1.15 ബില്യണ്‍ പൌണ്ടിന്റെ (10,000 കോടി) തട്ടിപ്പ് വിജയ് മല്യ നടത്തിയതായി കോടതി കണ്ടെത്തി. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി വിജയ് മല്യ 1.4 ബില്യണ്‍ ഡോളര്‍ വായ്പയെടുത്തതായി തെളിഞ്ഞുവെന്ന് ജഡ്ജി ആന്‍ഡ്ര്യൂ ഹെന്‍ഷാ പറഞ്ഞു.
വിജയ് മല്യയുടെ ആസ്തികള്‍ ആഗോളതലത്തില്‍ മരവിപ്പിച്ച ഉത്തരവ് റദ്ദാക്കാനും കോടതി തയ്യാറായില്ല. നേരത്തേ, സി.ബി.ഐ സമര്‍പ്പിച്ച തെളിവുകള്‍ സ്വീകാര്യമെന്ന് ലണ്ടന്‍ കോടതി വ്യക്തമാക്കിയിരുന്നു. മല്യയെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസ് ജൂലൈ 11ന് കോടതി വീണ്ടും പരിഗണിക്കും. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9,000 കോടി രൂപ തിരിച്ചടക്കാതെ രാജ്യം വിട്ട മല്യയെ കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ജൂലൈ 11 വരെ മല്യയുടെ ജാമ്യം നീട്ടിയിട്ടുണ്ട്. മല്യയെ കൈമാറണമെന്ന ആവശ്യം നിരസിച്ചതിന് പിന്നാലെ ഇന്ത്യന്‍ അധികൃതര്‍ നല്‍കിയ അപ്പീലാണ് വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. 2016 മാര്‍ച്ചിലാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. വ്യവസായിയെന്ന നിലയില്‍ മല്യയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറുന്നതിന് യാതൊരു തടസവുമില്ലെന്നും ഇന്ത്യന്‍ അധികൃതര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.