ബെംഗളൂരു: അവസാന ഓവറുകളില്‍ ശ്രീശാന്തിന്റെ തകര്‍പ്പന്‍ ബോളിങ്ങിലൂടെ ഉത്തര്‍പ്രദേശിനെ പിടിച്ചുകെട്ടിയ കേരളത്തിന് വിജയ് ഹസാരെ ട്രോഫിയില്‍ 284 റണ്‍സ് വിജയലക്ഷ്യം. അവസാന മൂന്ന് ഓവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. യുപി 49.4 ഓവറില്‍ 283 റണ്‍സിന് എല്ലാവരും പുറത്തായി.
അഭിഷേക് ഗോസ്വാമി (68 പന്തില്‍ 54), പ്രിയം ഗര്‍ഗ് (59 പന്തില്‍ 57), അക്ഷദീപ് നാഥ് (60 പന്തില്‍ 68) എന്നിവരുടെ അര്‍ധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റില്‍ ഗര്‍ഗും അക്ഷദീപും ചേര്‍ന്ന് 79 റണ്‍സാണ് യുപി ഇന്നിങ്സിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ 43 ഓവറില്‍ ഗര്‍ഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റന്‍ സച്ചിന് ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിന് സഞ്ജുവിന്റെ കൈകളില്‍ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്ഷദീപ് ഉറച്ചുനിന്നു. 47ാം ഓവറില്‍ സമീര്‍ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകര്‍പ്പന്‍ സ്പെല്‍. 48ാം ഓവറില്‍ ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറിനെ റോജിത്തിന്റെ കൈകളില്‍ എത്തിച്ച ശ്രീ, അതേ ഓവറില്‍ തന്നെ മൊഹ്സിന്‍ ഖാനെ ക്ലീന്‍ ബൗള്‍ഡാക്കി.
50 ാം ഓവറില്‍ അക്ഷദീപിനെയും ശിവം ശര്‍മയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂര്‍ത്തിയാക്കി. ടോസ് നേടിയ കേരളം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി ക്യാപ്റ്റന്‍ സച്ചിന് ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂര്‍ണമെന്റില്‍, ഒഡീഷയ്ക്കെതിരായ ആദ്യ മത്സരത്തില്‍ കേരളം 34 റണ്‍സിന് വിജയിച്ചിരുന്നു. റോബിന് ഉത്തപ്പയുടെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കേരളത്തിന്റെ തകര്‍പ്പന്‍ ജയം.