വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഇന്ത്യന്‍ വംശജ. വെള്ളിയാഴ്ച അമേരിക്കയെ ഞെട്ടിച്ച ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വംശജയായ ട്വിറ്ററിന്റെ നിയമകാര്യ മേധാവി വിജയ ഗഡ്ഡേയാണ് ട്രംപിനെ വിലക്കാന്‍ തീരുമാനമെടുത്തത്.
45കാരിയായ വിജയ ഗഡ്ഡേ ഇന്ത്യയിലാണ് ജനിച്ചത്. യു.എസിലെ ഓയില്‍ കമ്പനിയില്‍ കെമിക്കല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന അച്ഛനൊപ്പം ചെറുപ്പത്തിലേ അമേരിക്കയിലേക്ക് കുടിയേറിയ ഗഡ്ഡേ വളര്‍ന്നതെല്ലാം ടെക്‌സസിലാണ്. ന്യൂ ജേഴ്‌സിയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലോ സ്‌കൂളില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി.
കോര്‍പ്പറേറ്റ് അഭിഭാഷക എന്ന നിലയില്‍ ട്വിറ്ററിന്റെ പിന്നണിയില്‍ കമ്പനിയുടെ പോളിസി നയങ്ങള്‍ രൂപപ്പെടുത്തുന്ന കാര്യങ്ങളാണ് ഗഡ്ഡേ നിയന്ത്രിച്ചിരുന്നത്. ആഗോള രാഷ്ട്രീയത്തില്‍ ട്വിറ്ററിന്റെ പങ്ക് വര്‍ധിച്ചതോടെ ഗഡ്ഡേയുടെ സ്വാധീനം കഴിഞ്ഞ ദശാബ്ദത്തില്‍ ട്വിറ്ററിന്റെ നയങ്ങളെ ഏറെ മികവുറ്റതാക്കാനും സഹായിച്ചു.
ഇതിനോടകം നിരവധി പേരുടെ പ്രശംസയും ഗഡ്ഡേയെ തേടിയെത്തിയിട്ടുണ്ട്. നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഏറ്റവും ശക്തയായ സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ് എന്നാണ് ഗഡെയെ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്.