X
    Categories: indiaNews

എല്ലാവരും വോട്ട് ചെയ്യണ്ട; മധ്യവര്‍ഗ്ഗം മാത്രം ചെയ്യട്ടെ; നടന്‍ വിജയ് ദേവരക്കൊണ്ട; വിമര്‍ശനം

ബാംഗളൂരു: രാജ്യത്തെ മുഴുവന്‍ ജനങ്ങളും വോട്ട് ചെയ്യേണ്ടെന്ന് വിവാദ പ്രസ്താവനയുമായി നടന്‍ വിജയ് ദേവരക്കൊണ്ട. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വിവാദ പ്രസ്താവന. രാജ്യത്തെ എല്ലാ ജനങ്ങളും വോട്ട് ചെയ്യണ്ട. മധ്യവര്‍ഗ്ഗം മാത്രം ചെയ്യട്ടെയെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു. രാഷ്ട്രീയപ്രവേശം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം. ഒരു മാസം മുമ്പ് പുറത്തിറക്കിയ അഭിമുഖത്തില്‍ നിന്നും നീക്കം ചെയ്ത ഭാഗങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുകയായിരുന്നു.

‘രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ട ക്ഷമ എനിക്കില്ല. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ നിലവിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എന്തെങ്കിലും അര്‍ഥമുള്ളതായി എനിക്ക് തോന്നുന്നില്ല. അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. രാജ്യത്തെ എല്ലാ പൗരന്‍മാരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് എന്റെ പക്ഷം. ഉദാഹരണത്തിന് നിങ്ങള്‍ മുംബൈയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ കയറുന്നുവെന്ന് കരുതുക. അതിലെ എല്ലാ യാത്രക്കാരും ചേര്‍ന്നാണോ പൈലറ്റിനെ തിരഞ്ഞെടുക്കുന്നത്. അതിന് നല്ല ഏജന്‍സികളുണ്ട്. ഏത് കമ്പനിയുടേതാണോ ആ വിമാനം അവരാണ് അത് പറപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെ തിരഞ്ഞെടുക്കുന്നത്.

വോട്ട് ലഭിക്കാന്‍ പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുക്കുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. വോട്ട് ചെയ്യാന്‍ പണക്കാരെ മാത്രം അനുവദിക്കണമെന്നല്ല എന്റെ വാദം. വിദ്യാസമ്പന്നരായ, ഒരു ശക്തിയ്ക്കും സ്വാധീനിക്കാനാവാത്ത മധ്യവര്‍ഗ്ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. പണത്തിനും സ്വാധീനത്തിനും വഴങ്ങി വോട്ട് ചെയ്യുന്നവരില്‍ പലര്‍ക്കും ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നോ എന്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നോ പോലും അറിയില്ല. അതുകൊണ്ടാണ് എല്ലാവരെയും അതിന് അനുവദിക്കരുതെന്ന് പറയുന്നത്.

പണവും മദ്യവുമുപയോഗിച്ച് വോട്ട് വാങ്ങുന്ന ഒരു തെരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥിയായി നില്‍ക്കില്ല. ഇപ്പോഴുള്ള വ്യവസ്ഥയ്ക്ക് പകരം ഏകാധിപത്യമായാല്‍ അത് തെറ്റല്ലെന്നും ഞാന്‍ ചിന്തിക്കുന്നു. അതാണ് മുന്നോട്ടു പോവാനുള്ള ഒരു വഴി. സമൂഹത്തില്‍ എന്തെങ്കിലും മാറ്റം സംഭവിക്കണമെങ്കില്‍ അതാണ് നല്ലത്. ‘മിണ്ടാതിരിക്കൂ, എനിക്ക് നല്ല ഉദ്ദേശങ്ങളാണ് ഉള്ളത്. നിങ്ങള്‍ക്ക് ഗുണകരമാവുന്ന കാര്യങ്ങള്‍ എന്തെന്ന് നിങ്ങള്‍ക്കുതന്നെ അറിയില്ലായിരിക്കാം. അതെനിക്കറിയാം. അതിനായി അഞ്ചോ പത്തോ വര്‍ഷം കാത്തിരിക്കുക. ഫലം ലഭിക്കും,’ ഇങ്ങനെ പറയുന്ന ഒരാളാണ് അധികാരത്തില്‍ വരേണ്ടത് വിജയ് ദേവേരക്കൊണ്ട പറയുന്നു.

അതേസമയം, നടന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് സാമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്ന വിജയിന്റെ നിലാപാട് തികച്ചും അപക്വമാണെന്ന് വിമര്‍ശകര്‍ പറയുന്നു. ജനങ്ങളുടെ വോട്ട് പണം കൊടുത്തു വാങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളോടുള്ള വിയോജിപ്പാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

 

chandrika: