X

വിജയ് ബാബുവിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പോലീസ് ഇന്നും ചോദ്യം ചെയ്യുന്നു.കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.ഇതിന് പിന്നാലെ ഇന്നും ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം വിജയ് ബാബു വീണ്ടും ചോദ്യം ചെയ്യലിന് എത്തുകയുമായിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പിന്നിലെന്നും വിജയ് ബാബു പൊലീസിന് മൊഴി നല്‍കി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു. ഒളിവില്‍ പോകാന്‍ തനിക്ക് ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും മൊഴിയുണ്ട്. ഇന്ന് വരെ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. 39 ദിവസത്തെ ഒളിവ് ജീവിതത്തിനൊടുവില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു കൊച്ചിയിലെത്തിയത്. കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. എറണാകുളം അസി.കമ്മിഷണര്‍ വൈ. നിസാമുദ്ദിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡിപ്പിച്ചെന്ന് നടി ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഇതിനിടെ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

Chandrika Web: