തിരുവനന്തപുരം: നാലര മാസമായിട്ടും മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസത്തിന് സ്ഥലം പോലും കണ്ടുപിടിക്കാനായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ധാർഷ്ഠ്യവും സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്നാകട്ടെ സർക്കാറില്ലായ്മയുമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ദുരിതബാധിതരുടെ അബദ്ധ പട്ടികയാണ് ഉണ്ടാക്കിയിരിക്കുന്നത്. നൂറു ആളുകളുടെ പേര് ഇരട്ടിപ്പാണ്. എൽ.പി സ്കൂളിലെ കുട്ടികളെ ഏൽപ്പിച്ചാൽ ഇതിലും നന്നായി ചെയ്യും. നാലു മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടും ഇവർ ഇതുവരെ ഒരുമിച്ച് വയനാട്ടിൽ പോയിട്ടില്ല. ഒരു തരത്തിലെ പുനരധിവാസ പ്രവർത്തനങ്ങളും അവിടെ നടക്കുന്നില്ല. ഇതെല്ലാം ആരംഭശൂരത്വം മാത്രമായിരുന്നു എന്ന് കാണിക്കുന്ന രീതിയിലാണ്. മൈക്രോ ഫാമിലി പാക്കേജ് വേണം. സർക്കാർ അതൊന്നും ചെയ്തിട്ടില്ല എന്നത് വളരെ ദൗർഭാഗ്യകരമാണ് -അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വിജയം വർഗീയവാദികളുടെ വോട്ട് കൊണ്ടാണെന്ന സി.പി.എം നേതാവ് എ. വിജയരാഘവന്‍റെ പ്രസംഗത്തിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചു.
പിണറായി വിജയന്‍റെ നേതൃത്വത്തിൽ സംഘ്പരിവാറിനെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് എടുക്കുന്നത്. ഇതാണ് സി.പി.എമ്മിന്‍റെ ലൈൻ. നാലുലക്ഷത്തിൽ പരം വോട്ടിന് ജയിച്ച പ്രിയങ്ക ഗാന്ധി, തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് ജയിച്ചതെന്നത് ഈ വിജയരാഘവന്‍റെ നാവിൽ നിന്നല്ലാതെ വേറെയാരുടേയും നാവിൽനിന്ന് ഇത് വരുമോ? -അദ്ദേഹം ചോദിച്ചു.
രാഹുലിനും പ്രിയങ്കക്കുമെതിരായി സംസാരിക്കാൻ സംഘ്പരിവാറിന് ആയുധം കൊടുത്തതാണ്. സംഘ്പരിവാറിനെപ്പോലും നാണംകെടുത്തുന്ന രീതിയിലാണിപ്പോൾ സി.പി.എം വർഗീയ പ്രചരണം നടത്തുന്നത്. ഞങ്ങളിത് മുൻകൂട്ടി പറഞ്ഞതാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഭൂരിപക്ഷ വർഗീയ പ്രീണനമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ കേസിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്ന വർത്തമാനം പറയുന്നത്. ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ദി ഹിന്ദുവിന് അഭുമുഖം നൽകി പറഞ്ഞതും ഇത് തന്നെയാണ്… -പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.