തിരുവനന്തപുരം: വീട്ടമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫിസിലെ എംകെ മാത്യുവിനെയാണ് പിടികൂടിയത്. കരമടക്കാനെത്തിയ വീട്ടമ്മയില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം.
വീട്ടമ്മയുടെ പേരിലുള്ള മൂന്ന് സെന്റ് ഭൂമിക്ക് കാലങ്ങളായി കരമടച്ചിട്ടില്ലായിരുന്നു. പത്തുവര്‍ഷത്തിലധികം കുടിശികയുണ്ടെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയേ കരമടക്കാനാവു എന്ന് ചട്ടമുണ്ട്. ഇത് മറികടന്ന് കരമടക്കമെന്നും എന്നാല്‍ അതിന് 25,000 രൂപ കൈക്കൂലി വേണമെന്നും വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ വിജിലന്‍സിന് പരാതി നല്‍കി.
വെള്ളിയാഴ്ച വൈകീട്ട് വട്ടിയൂര്‍കാവ് ജങ്ഷനു സമീപത്തുവച്ച് നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം പണം കൈമാറാനായി വീട്ടമ്മയെത്തി. വിജിലന്‍സ് സംഘവും ഇവിടെയെത്തി. എന്നാല്‍ കാറിലെത്തിയ മാത്യു പണം സ്വീകരിക്കാതെ പോയി. ഇതോടെ പദ്ധതി പാളിയെന്നു തോന്നിയ വിജിലന്‍സ് തിരിച്ചുപോയി.
എന്നാല്‍ രാത്രിയില്‍ മാത്യു വീട്ടമ്മയെ വിളിച്ച് പേരൂര്‍ക്കട ജങ്ഷനിലെത്താന്‍ ആവശ്യപ്പെട്ടു. വീട്ടമ്മ ഉടന്‍ തന്നെ വിജിലന്‍സിനെ വിവരമറിയിച്ചു. അവിടെ വച്ച് പണം കൈമാറുന്നതിനിടെ വിജിലന്‍സ് മാത്യുവിനെ പിടികൂടുകയായിരുന്നു.