X

ജാഗ്രതയാണ് സ്വാതന്ത്ര്യം

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

രാജ്യം സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. സന്തോഷകരവും അഭിമാനകരവുമായ മുഹൂര്‍ത്തത്തില്‍ രാജ്യത്തിന്റെ മോചനത്തിനുള്ള ധീരോത്താത്ത പോരാട്ടത്തില്‍ ത്യാഗം സഹിച്ച ദേശാഭിമാനികളായ അറിയപ്പെട്ടവരും അല്ലാത്തവരുമായ എല്ലാവരെയും ഓര്‍ക്കുന്നു. അവരുടെ പാവനസ്മരണക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ വളരെ വ്യത്യസ്ഥമായ മാതൃകാപരമായ സ്വാതന്ത്ര്യ സമരമാണ് ഇവിടെ നടന്നത്. ലാലാ ലജ്പതറായി, ജവഹര്‍ലാല്‍ നെഹ്്‌റു, മൗലാനാ അബുല്‍കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബ്, ഡോ.സക്കീര്‍ ഹുസൈന്‍, ഡോ.ബി.ആര്‍ അംബേദ്കര്‍, ഭഗത് സിംഗ്, മൗലാന അലി സഹോദരങ്ങള്‍ തുടങ്ങിയ നീണ്ടു പോകുന്ന പട്ടികയിലുള്ള നേതാക്കളും സാധാരണക്കാരമായ രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ചവരെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് അഭിവാദ്യം ചെയ്യുന്നു.

എന്നാല്‍, അവരുടെ ത്യാഗങ്ങള്‍ സ്മരിക്കുന്നതിനു പകരം സ്വാതന്ത്ര്യ സമരം തന്നെ വക്രീകരിച്ച് മാറ്റിയെഴുതുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരുപാട് ഏടുകളുണ്ട്. രാജ്യത്തെ എല്ലാ ജനങ്ങളും ജാതി മത ഭേദമന്യെ ഒന്നായാണ് മുന്നേറിയത്. ഇതിനെ കീഴ്‌മേല്‍ മറിച്ച് മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ചരിത്രത്തില്‍ വെട്ടിമാറ്റലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തുന്നുവെന്നത് ഖേദകരമാണ്. രാജ്യത്താകെ നടന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളില്‍ മലയാളക്കരയും ഒട്ടും പിന്നിലല്ല. ഒട്ടേറെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ്, ഇപ്പോള്‍ കേരളം എന്നു വിളിക്കുന്ന ഭൂ പ്രദേശം. വാഗണ്‍ട്രാജഡി പോലെ, 1921ലെ മാപ്പിള പ്രക്ഷോഭം പോലെ തുല്ല്യതയില്ലാത്ത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നത് നമ്മുടെ പൂര്‍വ്വീകരുടെ സ്വാതന്ത്ര്യവാഞ്ജയുടെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. വാഗണ്‍ ട്രാജഡി സംഭവത്തില്‍ അറുപതോളം പോരാളികള്‍ക്കാണ് തീവണ്ടി ബോഗിയില്‍ ശ്വാസം ലഭിക്കാതെ പിടഞ്ഞു മരിക്കേണ്ടിവന്നത്. 1921ല്‍ കൊല്ലപ്പെട്ടവരും നാടുകടത്തപ്പെട്ടവരും ജയിലുകളില്‍ ജീവിതം അവസാനിച്ചവരുമായി എത്രായിരം പേര്‍. ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയവരും കൊന്നു തള്ളിയവരും എത്രയെത്രയാണ്.

ഇതുപോലെ ദുരിതം അനുഭവിച്ചവര്‍ ഇന്ത്യയില്‍ വേറൊരിടത്തുമില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഈയിടെ ലഭ്യമായ 1921 ല്‍ ആലി മുസ്്‌ലിയാര്‍ തൂക്കിലേറ്റപെടും മുമ്പ് നടത്തിയ സംഭാഷണം ആരെയും കണ്ണീലാക്കി, ആവേശം കൊള്ളിക്കുന്നതാണ്. വാരിയന്‍കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും കുഞ്ഞിക്കയ തങ്ങളും കോയതങ്ങള്‍ കൊന്നാര, മുഹമ്മദ് കോയ തങ്ങള്‍ തുടങ്ങി ഉര്‍ഖാസി ഉള്‍പ്പെടെ എത്രയോ പേര്‍ ബ്രിട്ടീഷുകാരോട് സന്ധിയില്ലാത്ത സമീപനം സ്വീകരിച്ചവരാണ്. അതിന്റെ പേരില്‍ അവരൊക്കെ അനുഭവിച്ച പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിശദീകരിക്കാന്‍ വാക്കുകളില്ല.

ഇന്ത്യക്കൊപ്പമോ ശേഷമോ സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളെടുത്ത് പരിശോധിച്ചാല്‍ നമ്മുടെ ഇവിടുത്തെ ദേശീയ പ്രസ്ഥാനത്തിന് തികച്ചും വ്യത്യസ്ഥമായ മാനമാണുണ്ടായിരുന്നത്. ലോകത്തെ പല രാജ്യങ്ങളും അവരുടെ ഭരണാധികരികളെ മാറ്റിയതു പോലെയുള്ള പട്ടാള അട്ടിമറികളായിരുന്നില്ല ഇവിടെ സംഭവിച്ചത്. ഗാന്ധിജി എടുത്ത സമീപനം എല്ലാവരെയും ഒറ്റക്കെട്ടായി നിര്‍ത്തി പോരാട്ടം മുന്നോട്ടു കൊണ്ടു പോയി. ഒറ്റപ്പെട്ട അപവാദങ്ങള്‍ ഒഴിച്ചാല്‍, പൊതുവെ അഹിംസയുടെ ശക്തിയിലൂന്നിയുള്ള ഇത്തരമൊരു സമീപനം ലോകത്ത് വേറെയെവിടെയുമില്ല. അതുകൊണ്ടാണ് ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പലരും വീണ്ടും തടങ്കല്‍ പാളയമായി മാറിയപ്പോഴും നമ്മള്‍ രാജ്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ടിന്റെ പിറവി തനിമ ചോരാതെ ആഘോഷിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ഉജ്വലമായൊരു മുഹൂര്‍ത്തമാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. മഹാത്മജി ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റിന് നേതൃത്വം നല്‍കിയപ്പോള്‍ ബ്രിട്ടീഷുകാരുടെ അരികുചേര്‍ന്നു നിന്ന് പിന്തുണച്ച് അവര്‍ക്ക് സ്തുതിഗീതം പാടിയവര്‍ ഇന്നു വലിയ ദേശീയ വാദികളായി രംഗത്തു വന്നിരിക്കുന്നു. അന്ന് ഏറ്റവുമധികം ബ്രിട്ടീഷ് വിരുദ്ധ നിലപാട് സ്വീകരിച്ച മുസ്്‌ലിംകള്‍ക്ക് നേരെ മാപ്പിള ഔട്ട്‌റേജസ് ആക്ട് ഉള്‍പ്പെടെയുള്ള കാടന്‍ നിയമങ്ങള്‍ ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് കയ്യാളാവുകയായിരുന്നു ആ ഒറ്റുകാര്‍. അവരൊക്കെ ഇപ്പോള്‍ ദേശീയതയുടെ വക്താക്കള്‍ ചമഞ്ഞെത്തുന്നത് കൗതുകകരമാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ജനതയെ അടക്കിവാഴുന്ന ഭരണാധികാരികളെ പിഴുതു മാറ്റുന്നത്ര എളുപ്പമല്ല, മുന്നോട്ടുള്ള ഗമനം. ജനാധിപത്യത്തിന്റെ ബദല്‍ ഉണ്ടാക്കാനായി എന്നതാണ് ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി ഭവിച്ച അനുകൂല ഘടകം. ജാതി മത ചിന്തകള്‍ക്കതീതമായി ഒറ്റക്കെട്ടായി ജനങ്ങളെ നിര്‍ത്തി സ്വാതന്ത്ര്യ സമരം നയിക്കുന്നതിലും മോചനം ലഭിച്ചപ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണസംവിധാനം സാധ്യമാക്കുന്നതിലും നമ്മള്‍ വിജയിച്ചു.

അര്‍ത്ഥപൂര്‍ണമായൊരു സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുകയാണ് ഈ സുദിനത്തില്‍ നമ്മള്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. അതിന്റെ ആമുഖത്തില്‍ തന്നെ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വ്യവസ്ഥയെ കുറിച്ച് ഉദ്‌ഘോഷിക്കുന്നുണ്ട്. പ്രിയാമ്പിളിലെ വീ ദ പീപ്പിള്‍ എന്നാണ് പറയുന്നത്. ഇതു വെറുതെ എഴുതിച്ചേര്‍ത്തതല്ല, അതാണ് സത്ത. രാജ്യത്തിന്റെ കസ്റ്റോഡിയന്‍ എന്നു പറയുന്നത് ഇവിടുത്തെ ഓരോ പൗരനുമാണെന്നതാണ് വിളംബരം. എന്നാല്‍, ഭരണഘടനയെ കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവില്‍ വര്‍ഗീയതയും കോര്‍പ്പറേറ്റ് വല്‍ക്കരണവും നടപ്പാക്കാനാണ് ശ്രമം. ഒറ്റുകാര്‍ ദേശീയതാ വക്താക്കളായി വരുന്ന കാലത്ത് രാജ്യം നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്. ഇതു ഗൗരവത്തോടെ കാണാനും ജനങ്ങളാകെ സ്വാതന്ത്ര്യ സമര കാലത്തെ പോലെ ഒന്നിച്ചു നിന്ന് ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുമുള്ള പ്രതിജ്ഞ പുതുക്കേണ്ട സമയമാണിത്; ജാഗ്രതയാണ് സ്വാതന്ത്ര്യം.

Test User: