തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തുറമുഖ ഡയരക്ടറായിരിക്കെ സര്‍ക്കാറിന് 14.9 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാം ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അന്ന് ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദ് ഇതില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്.
പിന്നീട് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായി. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടില്‍ എന്ന് ചെയ്യാനാവുമെന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി. കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.