X

വമ്പന്മാര്‍ക്കെതിരെ അനുമതിയില്ലാതെ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഡയരക്ടര്‍

തിരുവനന്തപുരം: വമ്പന്മാര്‍ക്കെതിരായ അഴിമതി കേസുകളില്‍ അനുമതി ഇല്ലാതെ അന്വേഷണം പാടില്ലെന്ന് വിജിലന്‍സ് ഡയരക്ടറുടെ സര്‍ക്കുലര്‍. മന്ത്രിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഐ.എ.എസ്, ഐ.പി.എസ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായ അഴിമതി കേസുകളിലാണ് നിയന്ത്രണം വന്നിരിക്കുന്നത്. അതോടൊപ്പം തന്നെ വലിയ തുകയുടെ അഴിമതി സംബന്ധിച്ച പരാതി ലഭിച്ചാല്‍ വിജിലന്‍സ് ഡയറക്ടറെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഡയറക്ടറുടെ അനുമതിയോടെ മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ വിജിലന്‍സ് യൂണിറ്റുകള്‍ക്കും അയച്ചത്. ഏതെങ്കിലും തരത്തിലുള്ള പരാതി വിജിലന്‍സ് യൂണിറ്റുകളില്‍ ലഭിക്കുകയാണെങ്കില്‍ അത് വിജിലന്‍സ് ഡയറക്ടറുടെ മെയിലിലേക്ക് പരാതി സ്‌കാന്‍ ചെയ്ത് അയക്കുകയോ നേരിട്ടോ എത്തിക്കണം. ഈ പരാതി പരിശോധിച്ചതിന് ശേഷം അതില്‍ കഴമ്പുണ്ടെന്ന കണ്ടാല്‍ ഡയറക്ടര്‍ ബന്ധപ്പെട്ട യൂണിറ്റുകള്‍ക്ക് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കും. അതിനു ശേഷം മതി അന്വേഷണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി വരുന്നതിനു മുന്‍പ് ഈ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ പരാതികളുടെ എണ്ണം കൂടിയതോടെ ജേക്കബ് തോമസ് അതാതു യൂണിറ്റുകള്‍ക്ക് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.

chandrika: