തിരുവനന്തപുരം: നിര്‍മാണം പൂര്‍ത്തിയായി ആറു മാസത്തിനകം റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. റോഡ് എഞ്ചിനീയര്‍മാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കുമെന്നും ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരത്തില്‍ കരാറുകാരെയോ ഉദ്യോഗസ്ഥരെയോ പ്രതിചേര്‍ത്ത് കേസെടുത്താല്‍ അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
നിര്‍മാണം പൂര്‍ത്തിയാക്കുകയോ അറ്റകുറ്റ പണി നടത്തുകയോ ചെയ്ത റോഡ് ഒരു വര്‍ഷത്തിനിടെ തകര്‍ന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പൊതുമരാമത്ത് തീരുമാനം. അതേസമയം, കാലാവസ്ഥ, മഴ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാരണം റോഡ് തകരുന്ന പക്ഷം നടപടിയുണ്ടാകില്ല.