തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വീണ്ടും പരാതി. വ്യാജ രേഖ ചമച്ച് സര്‍ക്കാറില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പുതിയ പരാതിയിലാണ് സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി ബിജിമോനാണ് അന്വേഷണ ചുമതല. ശമ്പള ഇനത്തിലാണ് സാമ്പത്തിക ക്രമക്കേട് നടത്തിയത്.
സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് എട്ടു മാസം വരെ ടി.പി സെന്‍കുമാര്‍ അവധിയിലായിരുന്നു. എന്നാല്‍ എട്ടു മാസം വരെ മെഡിക്കല്‍ അവധിയില്‍ ആയിരുന്നുവെന്ന വ്യാജേന വ്യാജരേഖയുണ്ടാക്കി സര്‍ക്കാറില്‍ നിന്ന് ലക്ഷങ്ങള്‍ അനധികൃതമായി തട്ടാന്‍ ശ്രമിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയ ശേഷം കഴിഞ്ഞ വര്‍ഷം ജൂണില്‍ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് പകുതി ശബളത്തില്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ചികിത്സയിലായിരുന്നതിന്റെ രേഖകളും സെന്‍കുമാര്‍ ഹാജരാക്കി. എന്നാല്‍ വ്യാജരേഖയാണെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവില്‍ സര്‍ക്കാറിനെതിരെ നിയമപോരാട്ടം നടത്തുകയായിരുന്നു സെന്‍കുമാറെന്നാണ് പരാതിയില്‍ പറയുന്നത്.
മുസ്‌ലിം സമുദായത്തിലെ ജനസംഖ്യ വര്‍ധനവുമായി ബന്ധപ്പെട്ടും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സെന്‍കുമാറിനെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പുതിയ അന്വേഷണം.