X

കാഴ്ചകളേറെ; അവഗണനയുടെ തുരുത്തായി കമ്യൂണിറ്റി റിസര്‍വ്

നജ്മുദ്ധീന്‍ മണക്കാട്ട്

കേരളത്തിലെ ആദ്യ കമ്യൂണിറ്റി റിസര്‍വ്… സ്വഭാവികമായി വളര്‍ന്ന കണ്ടല്‍ക്കാടുകള്‍… ദേശാടനപ്പക്ഷികളുടെ പറുദീസ… അപൂര്‍വയിനം മത്സ്യങ്ങളും ചിത്രശലഭങ്ങളും. കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിന് മേനിപറയാന്‍ ഒരുപാടുണ്ട്. പറഞ്ഞുതീര്‍ക്കാനാവാത്തത്ര കാഴ്ചയനുഭവം പങ്കുവെയ്ക്കാനുമുണ്ട്. എന്നാല്‍ അവഗണിക്കപ്പെടുകയാണ് ഈ പ്രകൃതിസമ്പത്ത്.

ഇന്ത്യയിലെ രണ്ടാമത്തെ കമ്യൂണിറ്റി റിസര്‍വാണ് കടലുണ്ടിയിലേത്. കോഴിക്കോട് നഗരത്തില്‍നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് പ്രദേശം. കടലുണ്ടി പഞ്ചായത്തിലും വള്ളിക്കുന്ന് പഞ്ചായത്തിലുമായാണ് ഈ കണ്ടല്‍ക്കാടുകള്‍ വ്യാപിച്ചുകിടക്കുന്നത്. 2007ലാണ് 153 ഹെക്ടര്‍ ഉള്‍പ്പെടുന്ന സ്ഥലം കമ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിച്ചത്. ആള്‍താമസമുള്ള മൂന്ന് ദ്വീപുകളുണ്ടിവിടെ. ബാലാതിരുത്തിയും ചെറുതിരുത്തിയും കാക്കാതുരുത്തും. ഇതിനുപുറമെ കണ്ടല്‍ച്ചെടികള്‍മാത്രമുള്ള ചെറിയ തുരുത്തുകള്‍ വെറെ. പുഴയോരത്തുനിന്ന് 200 മീറ്ററിനകത്തുള്ള ജീവജാലങ്ങളും ജനവിഭാഗങ്ങളും പ്രകൃതിസമ്പത്തും നിയമംമൂലം കമ്യൂണിറ്റി റിസര്‍വ് വ്യവസ്ഥിതിയുടെ കീഴില്‍ സംരക്ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത. ജില്ലാ വനംവകുപ്പ് ഓഫീസറുടെ നേതൃത്വത്തിലുള്ള കടലുണ്ടിവള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് വികസനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. വള്ളിക്കുന്ന് പഞ്ചായത്തിലെ മൂന്ന് അംഗങ്ങളും കടലുണ്ടി പഞ്ചായത്തില്‍നിന്നുള്ള രണ്ട് അംഗങ്ങളും ജില്ലാ വനംവകുപ്പ് ഓഫീസറുമടക്കം ആറുപേരാണ് കമ്മിറ്റിയിലുള്ളത്.

കേരളത്തിലെ എറ്റവും വലിയ പ്രകൃതിസംരക്ഷണമേഖലയെന്ന ലക്ഷ്യത്തിലേക്കാണ് ഈ കമ്യൂണിറ്റി റിസര്‍വ് കണ്ണുംനട്ടിരിക്കുന്നത്. പരിസ്ഥിതിസ്‌നേഹികള്‍ക്കൊപ്പം വിദേശസഞ്ചാരികള്‍ക്കും ദേശാടനത്തിനും പരിസ്ഥിതിപഠനത്തിനുമുള്ള സാധ്യത കടലുണ്ടിയിലുണ്ട്. കാഴ്ചകള് ഒരുപാടുണ്ട് ഈ പുഴയോരത്ത്. കമ്മ്യൂണിറ്റി റിസര്‍വിന്റെ വികസനവുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്‌നങ്ങളുണ്ട്. രാഷ്ട്രീയപ്രശ്‌നങ്ങളും നിയമപ്രശ്‌നങ്ങളും മാലിന്യപ്രശ്‌നങ്ങളുമടക്കം മറികടക്കാന്‍ ഒരുപാട് കടമ്പകള്‍. കമ്യൂണിറ്റി റിസര്‍വ് രണ്ടു പഞ്ചായത്തുകളിലാണെന്നതും രണ്ട് പഞ്ചായത്തും രണ്ട് ജില്ലകളിലാണെന്നതും വികസനത്തിനുള്ള തടസ്സങ്ങളാണ്.

Test User: