ഹാനോയ്: വിയറ്റ്‌നാം പാര്‍ലമെന്റ് പാസാക്കിയ പുതിയ സൈബര്‍ സെക്യൂരിറ്റി നിയമം അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണെന്ന് ആരോപണം. ഇന്റര്‍നെറ്റ് കമ്പനികള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദേശിക സെര്‍വറുകളില്‍ സൂക്ഷിക്കണമെന്നാണ് നിയമം നിര്‍ദേശിക്കുന്നത്. ദേശീയ സുരക്ഷക്കുവേണ്ടിയാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്ന് അധികാരികള്‍ പറയുന്നു. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടത്തിന് കൈമാറാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്. ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
നിയമം അങ്ങേയറ്റം പിന്തിരിപ്പനാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. വിയറ്റ്‌നാമില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ കത്തി വെക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഭരണകൂടത്തെ പേടിക്കാതെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കാനുള്ള വേദിയാണ് ഓണ്‍ലൈന്‍ ഒരുക്കുന്നത്. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ സ്വതന്ത്രമായി സംസാരിക്കാന്‍ രാജ്യത്ത് ഇടമില്ലാത്ത സ്ഥിതിയാണുള്ളതെന്ന് ആംനസ്റ്റി കൂട്ടിച്ചേര്‍ത്തു. ഗൂഗ്ള്‍, ട്വിറ്റര്‍, ആപ്പിള്‍, ഫേസ്ബുക്ക് തുടങ്ങി വന്‍കിട കമ്പനികള്‍ അടങ്ങിയ ഏഷ്യ ഇന്റര്‍നെറ്റ് കൊയലിഷനും പുതിയ നിമയത്തില്‍ ആശങ്ക അറിയിച്ചു.