അറിവിന്റെ വെളിച്ചത്തിലേക്കെന്ന പ്രാര്‍ഥനകളോടെ പതിവ് ആഘോഷങ്ങളില്ലാതെ ഇന്ന് വിദ്യാരംഭം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മിക്ക കുരുന്നുകളും ആദ്യാക്ഷരമധുരം നുണയുന്നത് വീടുകളില്‍നിന്നു തന്നെയാണെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാല്‍ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. വിജയദശമി ദിനത്തില്‍ പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭം കുറിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശവും.
അതേസമയം, വിദ്യാരംഭം നടക്കുന്ന ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഴുത്തിനിരുത്ത്. വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്താനായി കുഞ്ഞിങ്ങളുമായി രക്ഷിതാക്കള്‍ എത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കര്‍ശനനിയന്ത്രണങ്ങളാണ് ഇത്തവണ. അപ്നാ ക്യൂ ആപ്പിലൂടെ മുന്‍കൂട്ടി പേരുനല്‍കിയവര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തിരക്കില്ലാതെ വിദ്യാരംഭത്തില്‍ പങ്കെടുക്കാം.
വിഷ്ണുനടയില്‍ പുരുഷസൂക്താര്‍ച്ചന, സരസ്വതിനടയില്‍ സാരസ്വതസൂക്താര്‍ച്ചന എന്നിവയോടെ വിദ്യാരംഭദിന പൂജകള്‍ ആരംഭിച്ചു. പുലര്‍ച്ചെ സരസ്വതിമണ്ഡപത്തില്‍ തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് പൂജയെടുക്കുന്നതോടെ എഴുത്തിനിരുത്താരംഭിച്ചു. ഒരേ സമയം പതിനഞ്ചു കുട്ടികളെ രക്ഷിതാക്കള്‍ അക്ഷരമെഴുതിക്കുന്നത്. സമ്പര്‍ക്കം ഒഴിവാക്കാന്‍ എഴുതാനുള്ള അരിയും തളികയും അവരവര്‍ തന്നെ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.